നെല്ലിയാമ്പതിയിൽ കുന്നിടിച്ച് റിസോർട്ട് നിർമാണം; റവന്യൂ വകുപ്പ് തടഞ്ഞു
text_fieldsനെല്ലിയാമ്പതി വാഴക്കുണ്ടിൽ കുന്നിടിച്ചു നിർമിക്കുന്ന റിസോർട്ട് കെട്ടിടം
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ തോട്ടഭൂമിയിൽ റിസോർട്ട് കെട്ടിടത്തിെൻറ നിർമാണം റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞു. ചിറ്റൂർ തഹസിൽദാറുടെ നിർദേശപ്രകാരം ഉടമക്ക് സ്റ്റോപ് മെമ്മോ നൽകിയതായി മുതലമട (ഒന്ന്) വില്ലേജ് ഒാഫിസർ അറിയിച്ചു. അനധികൃതമായി കുന്നിടിച്ച് നികത്തിയതിനാലാണ് പ്രവൃത്തി നിർത്താൻ നിർദേശം നൽകിയതെന്ന് വില്ലേജ് ഒാഫിസർ വ്യക്തമാക്കി.
നെല്ലിയാമ്പതി പഞ്ചായത്തിലെ കൊട്ടയങ്കാട് വാഴക്കുണ്ടിൽ, കൈലാസം എസ്റ്റേറ്റിെൻറ ഭാഗമായിരുന്ന രണ്ടേക്കറിലധികം സ്ഥലത്താണ് ലോക്ഡൗണിെൻറ മറവിൽ കെട്ടിട നിർമാണം നടന്നിരുന്നത്. ഭൂപരിഷ്കരണ നിയമത്തിെൻറ പരിധിയിലുള്ള കൈലാസം എസ്റ്റേറ്റിെൻറ ഏതാനും ഭാഗം കുറച്ച് വർഷം മുമ്പ് നിയമവിരുദ്ധമായി മുറിച്ചുവിറ്റിരുന്നു. ഇങ്ങനെ കൈവശത്തിലെത്തിയ 2.20 ഏക്കറിലാണ് കഴിഞ്ഞ ഏപ്രിലിൽ കെട്ടിട നിർമാണം ആരംഭിച്ചത്. ഭൂപരിഷ്കരണ നിയമ പ്രകാരം തോട്ടഭൂമി തരം മാറ്റാനോ മറ്റ് നിർമാണ പ്രവൃത്തികൾ നടത്താനോ അനുമതിയില്ലെന്നിരിക്കെയാണ് പരിസ്ഥിതി ലോലമായ ഭൂമി ഇടിച്ചുനിരത്തിയും മരങ്ങൾ മുറിച്ചും റിസോർട്ട് നിർമാണം ആരംഭിച്ചത്. ആഴ്ചകളോളം നടപടിയൊന്നുമെടുക്കാതിരുന്ന അധികൃതർ, ലാൻഡ് റവന്യൂ കമീഷണറേറ്റിൽ പരാതി എത്തിയതോടെയാണ് പ്രവൃത്തി തടയാൻ തയാറായതെന്നാണ് സൂചന.
അതേസമയം, ഇൗ ഭൂമിക്ക് 2019-2020ൽ റവന്യൂ വകുപ്പ്, നിയമവിരുദ്ധമായി കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചതായി സൂചനയുണ്ട്. ഇതുപയോഗിച്ചാണ് ഉടമ, നിർമാണത്തിന് പെർമിറ്റ് സമ്പാദിച്ചത്. കൊട്ടയങ്കാട്ടുനിന്ന് അഞ്ച് കിലോമീറ്റർ ഉള്ളിൽ വനഭൂമിയും നീർച്ചോലയും കടന്ന് 500 മീറ്ററിലേറെ മണ്ണ് നികത്തി വഴിയൊരുക്കിയാണ് റിസോർട്ട് പണിയുന്നത്.
5000ലേറെ ചതുരശ്ര അടി വിസ്തീർണം വരുന്ന മൂന്നുനില കെട്ടിടത്തിെൻറ രണ്ടുനിലകളുടെ നിർമാണമാണ് നടന്നിരുന്നത്. അതേസമയം, നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഭൂമിക്ക് കൈവശ സർട്ടിഫിക്കറ്റും തണ്ടപ്പേരും പോക്കുവരവും ഉണ്ടെന്നും ഉടമ ജോൺ ചാക്കോ അറിയിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് റെസിഡൻഷ്യൽ കെട്ടിട നിർമാണത്തിന് പഞ്ചായത്ത് അനുമതി നൽകിയത്. സ്റ്റോപ് മെമ്മോ ലഭിച്ചിട്ടില്ലെന്നും ലഭിച്ചശേഷം നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.