ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
text_fieldsആലത്തൂർ കാട്ടുശ്ശേരി നരിയംപറമ്പിൽ ചൂടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച വീട്ടിൽ തീ അണക്കുന്ന അഗ്നിരക്ഷ സേന
ആലത്തൂർ: ഓലപ്പുര വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ ചൂടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ആലത്തൂർ കാട്ടുശ്ശേരി നരിയംപറമ്പ് കോരക്കാട്ടിൽ സത്യഭാമയുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പൂർണമായി കത്തി നശിച്ചത്.
സത്യഭാമയും മകൻ ഷിജുകുമാറും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഇവർ മഞ്ഞപ്രയിലെ കുടുംബ ക്ഷേത്രത്തിലെ പൂജ ചടങ്ങിൽ പങ്കെടുക്കാൻ വീട് പൂട്ടി പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോൾ വീട് കത്തുന്നതാണ് കാണുന്നത്. വീട്ടിലുണ്ടായിരുന്നതെല്ലാം പൂർണമായും കത്തി നശിച്ചു.
ആലത്തൂർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊലീസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ലൈഫ് ഭവന പദ്ധതിയിൽ പുതിയ വീടിന്റെ നിർമാണം തുടങ്ങാനിരിക്കെയാണ് നിലവിലെ വീട് കത്തിനശിച്ചതെന്ന് പറയുന്നു. ഓലപ്പുരയാണെങ്കിലും മുൻഭാഗം ഷീറ്റിട്ട് വൈദ്യുതി കണക്ഷൻ എടുത്തിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് കരുതുന്നു.