നൊടിയിടയിൽ പണം; ദുരിതം വരുന്ന വഴി
text_fieldsപലിശക്കെണികൾ പലവിധത്തിലുണ്ട്. മീറ്റർ, സ്പോട്ട് തുടങ്ങിയ പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഒരു ലക്ഷം രൂപക്ക് 10000 മുതല്‍ 30000 രൂപ വരെ പ്രതിമാസം പലിശ വാങ്ങുന്ന സംഘങ്ങളുണ്ട്. രാവിലെ കടം നൽകി വൈകിട്ട് പലിശ സഹിതം തിരികെ വാങ്ങുന്ന സ്പോട്ട് പലിശക്കാർ ലക്ഷ്യം വെക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്. രാവിലെ 1000 രൂപ വാങ്ങിയാൽ വൈകിട്ട് 1300 രൂപ തിരികെ നൽകണം.
മീൻ കച്ചവടക്കാർ പച്ചക്കറി പഴം കച്ചവടക്കാർ മുതലായവരാണ് ഇവരുടെ ഇരകൾ. പലിശയും മുതലും കൊടുത്ത് മിച്ചം കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിതം തള്ളി നീക്കുന്നവർക്ക് കച്ചവടമൊന്ന് പിഴച്ചാൽ അതോടെ എല്ലാം താളം തെറ്റും. കൊള്ളപ്പലിശക്കാരുടെ സ്ഥിരം ഇരകളാണ് ചെറുകിട ഇടത്തരം കർഷകർ. ബ്ലൂ വെയ്ൽ എന്ന ആത്മഹത്യ പ്രേരണ നൽകുന്ന മൊബൈൽ ഗെയിം വാർത്തകളിൽ നിറഞ്ഞിരുന്ന സമയത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഒരു സന്ദേശമുണ്ട്. അതിങ്ങനെയാണ്: ‘ബ്ലൂ വെയിലിനെക്കാൾ അപകടകാരിയായ ഒരു ഗെയിമുണ്ട് നമ്മുടെ നാട്ടിൽ. ആയിരക്കണക്കിന് പേരാണ് ഈ ഗെയിമിന് അടിമപ്പെട്ട് നമ്മുടെ നാട്ടിൽ ആത്മഹത്യ ചെയ്യുന്നത്. കൃഷി എന്നാണ് ആ ഗെയിമിന്റെ പേര്’. കൃഷി ജീവശ്വാസം പോലെ കരുതുന്നവർ നമുക്കിടയിലുണ്ടെന്ന് അതിശയോക്തിയില്ലാതെ പറയാനാവും. കാലാവസ്ഥ വ്യതിയാനവും കീടബാധയുമൊക്കെ കൃഷി നഷ്ടത്തിന് കാരണങ്ങളാവുമ്പോഴും സർക്കാരിന്റെ പിടിപ്പുകേടാണ് കർഷക ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നതാണ് യഥാർഥ്യം. നെല്ലുൾപ്പെടെ കാർഷിക വിളകൾക്ക് ന്യായമായ വില സമയാസമയങ്ങളിൽ ലഭ്യമായാൽ കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കർഷകർക്ക് പോവേണ്ടി വരില്ല.
അതിർത്തി കടന്നെത്തും വട്ടിപ്പണം
ജില്ലയുടെ കിഴക്കൻ മേഖലയിൽ ജീവിക്കുന്ന സാധാരണക്കാർക്ക് സുപരിചിതരാണ് ആഴ്ചപ്പലിശക്ക് പണം കടം കൊടുക്കുന്ന ‘അണ്ണാച്ചിമാർ’. അതിർത്തി കടന്നെത്തുകയോ മേഖലയിൽത്തന്നെ തമ്പടിക്കുകയോ ചെയ്ത് കൊള്ള പലിശക്ക് പണം കടം നൽകുന്നവരാണിവർ. ഈടൊന്നുമില്ലാതെ 10000 രൂപ വരെ ഇവർ കടം നൽകും. ഇവരുടെ പലിശക്കണക്ക് ഇങ്ങിനെ: 10000 രൂപ ആവശ്യപ്പെട്ടാൽ കൈയിൽ കിട്ടുക 8000 രൂപയാണ്. 1000 രൂപ വീതമുള്ള 10 തവണകളായി തിരിച്ചടക്കണം. നൂറിലേറെപ്പേരാണ് അതിർത്തി ഗ്രാമങ്ങളിൽ പണം ആവശ്യമുള്ളവരെത്തേടി കറങ്ങുന്നത്.
അറിയണം ഈ നിയമം
1958ലെ ‘കേരള പണം കടം കൊടുക്കൽ നിയമ’പ്രകാരം വാണിജ്യ ബാങ്കുകളെക്കാൾ കൂടുതലായി പരമാവധി രണ്ട് ശതമാനം പലിശയേ കടം കൊടുക്കുന്നവർ ഈടാക്കാൻ പാടുള്ളൂ. കൂടുതൽ വാങ്ങുന്നവർ മൂന്നു വർഷം തടവിനും 50,000 രൂപ വരെ പിഴയൊടുക്കാനും ബാധ്യസ്ഥരാണ്. നാല് മുതൽ 13 ശതമാനം വരെയാണ് അംഗീകൃത ബാങ്കുകൾ ഈടാക്കുന്ന വാർഷിക പലിശ. ബ്ലേഡുകാർ ഈടാക്കുന്നതാകട്ടെ പത്ത് ശതമാനം ദിവസപ്പലിശയും 15 മുതൽ 25 ശതമാനം വരെ മാസ പലിശയും. വർഷങ്ങളായി നഗര ഗ്രാമ വ്യത്യാസമില്ലാതെ കൊള്ളപ്പലിശക്കാർ യഥേഷ്ടം വിലസിയിട്ടും എത്ര പേർ നിയമ നടപടികൾക്ക് വിധേയമായിട്ടുണ്ട് എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നിലവിലുള്ള നിയമങ്ങൾ പ്രയോഗിക്കാൻ അധികൃതർ സന്നദ്ധരായാൽത്തന്നെ കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാവുന്നതേയുള്ളൂ.
എന്നാൽ, മിക്ക ബ്ലേഡ്മാഫിയയും ഉന്നത രാഷ്ട്രീയക്കാരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളവരാണ്. ഈ ബന്ധത്തിന്റെ മറവിലാണ് ഇവർ നിർഭയം പ്രവർത്തിക്കുന്നത്.
സാധാരണക്കാർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങാകേണ്ട സർക്കാറും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം സ്ഥിരവരുമാനമില്ലാത്തവരെ കയ്യൊഴിയുമ്പോഴാണ് പലിശ കുരുക്കുകളിൽ സാധാരണക്കാർ കുടുങ്ങുന്നത്. കടക്കെണിയിൽപ്പെട്ട കർഷകരും മറ്റു സാധാരണക്കാരുമെല്ലാം ഒടുവിൽ ഗത്യന്തരമില്ലാതെ ആത്മഹത്യയിലേക്കുള്ള വഴി തേടും.
വാങ്ങിയത് രണ്ട് ലക്ഷം; തിരിച്ചുനൽകേണ്ടിവന്നത് 30 ലക്ഷത്തിലേറെ
ബ്ലേഡുകാരില്‍ നിന്ന് മകന് വാങ്ങിയ രണ്ട് ലക്ഷം രൂപക്ക് മുന്‍ ബാങ്ക് മാനേജരും പാലക്കാട് കൊടുമ്പ് സ്വദേശിയുമായ മാരിമുത്തു തിരിച്ച് നല്‍കേണ്ടി വന്നത് മുപ്പത് ലക്ഷത്തിലധികം രൂപ. ചുരുങ്ങിയ വിലയില്‍ നാൽപത്തിയേഴ് സെന്റ് സ്ഥലം ബ്ലേഡുകാര്‍ കൈക്കലാക്കി. മറ്റ് ബാധ്യതയൊഴിവാക്കാന്‍ ഏക വരുമാനമാര്‍ഗമായിരുന്ന കല്യാണമണ്ഡപവും വില്‍ക്കേണ്ടി വന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലേഡുകാര്‍ വീട്ടിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തിയതോടെയാണ് സകലതും എഴുതിനല്‍കിയത്. മാരിമുത്തു ഒരു രൂപ പോലും വട്ടിപ്പലിശക്കാരില്‍നിന്ന് വാങ്ങിയിട്ടില്ല.
എന്നാല്‍ ചെറുപ്പം മുതല്‍ അധ്വാനിച്ച് സ്വന്തമാക്കിയതെല്ലാം ചുരുങ്ങിയ കാലത്തിനുള്ളില്‍ ബ്ലേഡുകാര്‍ തട്ടിയെടുത്ത അനുഭവമാണുള്ളത്. മകന് ചിട്ടി പിടിച്ച് വാങ്ങിയ രണ്ട് ലക്ഷം രൂപയ്ക്ക് ഈടായി സ്വന്തം ഭൂമി എഴുതി നല്‍കിയതിലാണ് തുടക്കം. രണ്ട് ലക്ഷത്തിന്റെ പലിശ ബാധ്യതയൊഴിവാക്കാന്‍ വീണ്ടും മകന് കടം വാങ്ങി. അങ്ങനെ രണ്ട് ലക്ഷം ബ്ലേഡുകാരുടെ കണക്കില്‍ പത്ത് ലക്ഷം വരെയായി. ഭൂമി തിരിച്ച് നല്കണമെങ്കില് ഇരുപത് ലക്ഷം കൂടി നല്‍കണമെന്നായിരുന്നു മുന്നറിയിപ്പ്. വീട്ടിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തി നാല്‍പ്പത്തി ഏഴ് സെന്റ് ഭൂമി ഒരാഴ്ചക്കുള്ളില്‍ കൈക്കലാക്കി. ഒരു ലക്ഷത്തില്‍ താഴെ മാത്രം തുകക്ക് വീണ്ടും സമ്മർദ്ദം ചെലുത്തിയപ്പോള്‍ ഏറെ ആഗ്രഹിച്ച് പണിതീര്‍ത്ത എണ്ണായിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള ഓഡിറ്റോറിയവും നഷ്ടപ്പെട്ടു.
(തുടരും)


