ഒറ്റപ്പാലത്ത് റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ
text_fieldsഒറ്റപ്പാലം: ഒറ്റപ്പാലത്ത് റെയിൽപാളത്തിൽ അപകടകരമാംവിധം ഇരുമ്പ് ക്ലിപ്പുകൾ സ്ഥാപിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മായന്നൂർ മേൽപാലത്തിനു സമീപമാണ് അഞ്ച് ക്ലിപ്പുകൾ കണ്ടെത്തിയത്. പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുംവിധം വിവിധ ഭാഗങ്ങളിലായിരുന്നു ഇരുമ്പ് നിർമിത ക്ലിപ്പുകൾ. ഒറ്റപ്പാലത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള പാളത്തിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് 6.15നും 6.45നും ഇടയിൽ പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാളത്തിനു മീതെ സ്ഥാപിച്ചനിലയിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്. പാളത്തിൽ അനുഭവപ്പെട്ട അസ്വാഭാവികതയാണ് ലോക്കോ പൈലറ്റിന്റെ സംശയത്തിന് ഇടയാക്കിയത്. സാമാന്യം ഉറപ്പുള്ള ഇരുമ്പ് ക്ലിപ്പുകളായതിനാൽ അപകടസാധ്യത ഏറെയായിരുന്നെന്നാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവത്തിനുശേഷം മെമുവിന് പിറകെയെത്തിയ നിലമ്പൂർ-പാലക്കാട് പാസഞ്ചർ ട്രെയിൻ വളരെ വേഗം കുറച്ചാണ് ഇതുവഴി അധികൃതർ കടത്തിവിട്ടത്. സംഭവം നടന്ന റെയിൽപാളം പരിസരം വിജനമായ പ്രദേശമായതിനാൽ ഇതുമായി ബന്ധപ്പെട്ട സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ആർ.പി.എഫും അന്വേഷണം നടത്തിവരുകയാണ്.