ഹരിതവർണക്കൊടി പാറിച്ച് സോഷ്യലിസ്റ്റ് തട്ടകം
text_fieldsകെ. കൃഷ്ണൻകുട്ടി ടി.വിയിൽ തെരഞ്ഞെടുപ്പ് ഫലം കാണുന്നു
ചിറ്റൂർ: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രാമുഖ്യമുള്ള ചിറ്റൂർ നിയോജക മണ്ഡലത്തിൽ ജനതാദൾ എസിന് ഉജ്ജ്വല വിജയം. കോൺഗ്രസിലെ സുമേഷ് അച്യുതനെ കഴിഞ്ഞ തവണേത്തതിനേക്കാൾ നാല് ഇരട്ടിയിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി വിജയക്കൊടി പാറിച്ചത്. വോട്ടെണ്ണലിെൻറ ഒരു ഘട്ടത്തിലും സുമേഷ് അച്യുതന് ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല.
ജലവിഷയങ്ങളിലെ കൃത്യതയാര്‍ന്ന ഇടപെടലുകള്‍ കൃഷ്ണൻ കുട്ടിക്ക് തുണയാവുകയായിരുന്നു. എട്ട് പഞ്ചായത്തുകളും ചിറ്റൂര്‍ തത്തമംഗലം നഗരസഭയും ഉൾക്കൊള്ളുന്ന മണ്ഡലത്തില്‍ സമഗ്രാധിപത്യമാണ് കൃഷ്ണന് കുട്ടി നേടിയത്. മഴ നിഴല്‍ പ്രദേശമായ വടകരപതി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളായ കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി എന്നിവിടങ്ങളിലെയും കാർഷിക-കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായത് കൃഷ്ണന്‍കുട്ടിയുടെ ജനപ്രീതി വർധിപ്പിച്ചു. വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന മൂലത്തറ റെഗുലേറ്റര്‍ പുനര്‍നിര്‍മിച്ചത് കര്‍ഷക ഭൂരിപക്ഷ മണ്ഡലത്തില്‍ അദ്ദേഹത്തിന് നേട്ടമായി.
വിഭാഗീയതയും ഡി.സി.സി നേതൃത്വത്തിെൻറ എതിര്‍പ്പും മറികടന്ന് സ്ഥാനാർഥിത്വം നേടിയ സുമേഷ് അച്യുതന് മുന്നേറ്റം കാഴ്ചവെക്കുമെന്ന പ്രതീതി പ്രചാരണരംഗത്ത് സൃഷ്ടിച്ചിരുന്നെങ്കിലും കൃഷ്ണന് കുട്ടിയുടെ ജനപ്രീതിക്ക് മുന്നില്‍ ബഹുദൂരം പിന്നിലായി. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ എരുത്തേമ്പതിയിലും ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലും പട്ടഞ്ചേരി പഞ്ചായത്തിലും എല്‍.ഡി.എഫ് മുന്നേറ്റം കാഴ്ചെവച്ചു. വൈകിയെത്തിയ സ്ഥാനാർഥിത്വവും കോണ്‍ഗ്രസ് വിഭാഗീയതയും സുമേഷിെൻറ പരാജയത്തിന് ആക്കം കൂട്ടി.
നാല് തവണ ചിറ്റൂരിനെ പ്രതിനിധീകരിച്ച കെ. അച്യുതെൻറ മകനെന്ന നിലയില്‍ സുപരിചിതനായ സുമേഷിന് പക്ഷേ കൃഷ്ണന്‍കുട്ടിയുടെ ജനകീയതക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ബി.ജെ.പി വോട്ടുകളില്‍ കാര്യമായ വർധന ഉണ്ടായില്ല. കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് 6212 വോട്ട് നേടിയ എ.ഐ.എ.ഡി.എം.കെ ഇക്കുറി ബി.ജെ.പിക്കൊപ്പമായിരുന്നെങ്കിലും വോട്ടിങ്ങില്‍ കുറവ് വന്നത് പാർട്ടിക്ക് ക്ഷീണമായി.