നിങ്ങൾ നിരീക്ഷണത്തിലാണ്; സാമൂഹിക വിരുദ്ധ ശല്യം: വാക്കോട് പറക്കലടി എതിർപ്പുള്ളിയിൽ നിരീക്ഷണ കാമറ സ്ഥാപിച്ചു
text_fieldsഎതിർപ്പുള്ളിയിൽ സ്ഥാപിച്ച നിരീക്ഷണ കാമറ കല്ലടിക്കോട് എസ്.എച്ച്.ഒ സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു
കല്ലടിക്കോട്: വാക്കോട് പറക്കലടി എതിർപ്പുള്ളിയിൽ വിജനമായ സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചു. കല്ലടിക്കോട് എസ്.എച്ച്.ഒ സി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ സഹകരണത്തോടെയാണ് സ്ഥാപിച്ചത്.
ഇതിലെ ദൃശ്യങ്ങൾ പരിസര വാസികൾക്കും കല്ലടിക്കോട് പൊലീസിനും ലഭിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ഈ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പുറമെ നിന്നുള്ള ആളുകൾ മാലിന്യം നിക്ഷേപിക്കാനായും ഈ സ്ഥലം ഉപയോഗിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞദിവസങ്ങളിലായി പരിസര പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി സംശയമുണ്ട്. ടാപ്പിങ് തൊഴിലാളിയായ സമീപവാസി മോഹനൻ, തൊഴിലുറപ്പ് തൊഴിലാളിയായ പത്മാവതി എന്നിവർ പുലിയെ കണ്ടതായും പറയുന്നു.
ഈ സാഹചര്യത്തിലാണ് നാട്ടുകാർ കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. സമീപവാസികളായ അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ, ഗോപാലകൃഷ്ണൻ കുന്നത്ത്, രാജൻ, എസ്. വാസു, ആർ. കൊച്ചു, സി.നാരായണൻകുട്ടി, എസ്.ജോയ്, കെ. കാർത്തിക്, എസ്. വർഗീസ്, എസ്. മനോജ്, സാബു കാട്ടുമറ്റം, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.


