പാലക്കയത്തെ കാട്ടാനശല്യം;13.7 കിലോമീറ്റർ സൗരോർജ തൂക്കുവേലി നിർമാണം പൂർത്തിയായി
text_fieldsrepresentational image
കല്ലടിക്കോട്: കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ പാലക്കയം വനം സ്റ്റേഷൻ പരിധിയിൽ നടപ്പാക്കുന്ന സൗരോർജ തൂക്കുവേലി നിർമാണം 13.7 കിലോമീറ്റർ പൂർത്തിയായി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലമുതൽ കരിമ്പ പഞ്ചായത്തിലെ വേലിക്കാട് വരെയുള്ള 37 കിലോമീറ്റർ ദൂരത്തിലാണ് പ്രതിരോധ സംവിധാനമൊരുക്കുന്നത്.
കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം. നിലവിൽ കല്ലടിക്കോട് ഭാഗത്ത് വനാതിർത്തിയിൽ തൂണുകൾ സ്ഥാപിച്ചശേഷം ലൈൻവലിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
ഡിസംബർ മാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്. മൂന്നരക്കോടിരൂപ ചെലവിൽ കഴിഞ്ഞവർഷം ജൂൺ ആദ്യവാരത്തിലാണ് വനാതിർത്തിയിൽ സൗരോർജ തൂക്കുവേലിനിർമാണം തുടങ്ങിയത്. കാഞ്ഞിരപ്പുഴഭാഗത്ത് പൂഞ്ചോലമുതൽ ഇഞ്ചിക്കുന്നുവരെ ഒൻപത് കിലോമീറ്റർ ദൂരത്തിലാണ് തൂക്കുവേലി സ്ഥാപിക്കുന്നത്. ഇവിടെ 6.7 കിലോമീറ്റർ പൂർത്തിയാക്കി.
തരിപ്പപതി മുതൽ ഇഞ്ചിക്കുന്നുവരെ 14 കിലോമീറ്ററിൽ മൂന്ന് കിലോമീറ്റർ ദൂരവും വേലി നിർമാണം പൂർത്തിയായി. വേലിക്കാട് മുതൽ മീൻവല്ലം വരെ 14 കിലോമീറ്ററിൽ നാലുകിലോമീറ്ററും തൂക്കൂവേലി സജ്ജമാക്കി. തരിപ്പപതി, കല്ലടിക്കോട് മേഖലയിൽ സെപ്തംബർ മാസത്തിനകം നിർമാണം പൂർത്തിയാക്കും. പൂഞ്ചോല, ഇഞ്ചിക്കുന്ന് ഭാഗങ്ങളിൽ കരാർകാലാവധി കഴിഞ്ഞതോടെ പുതുക്കിനൽകുന്നതിന് നടപടി ക്രമങ്ങൾ തുടങ്ങി.