കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി തുടങ്ങി
text_fieldsകല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം
കല്ലടിക്കോട്: കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർത്തിവെച്ച സായാഹ്ന ഒ.പി പുനാരാരംഭിച്ചു. ഒരു വർഷം മുമ്പ് ഡോക്ടറില്ലാത്തതിനാൽ നിർത്തിവെച്ച ഒ.പിയാണ് വീണ്ടും തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്ക് ശേഷം സേവനം ലഭ്യമല്ലാതിരുന്നതിനാൽ നിരവധി രോഗികൾ മടങ്ങിപ്പോകുന്നതിനെകുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയിരുന്നു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ലഭ്യമാണ്. നിലവിൽ ഒരു ലാബ് ടെക്നീഷ്യൻ മാത്രമാണുള്ളത്. മറ്റൊരു ലാബ് ടെക്നീഷ്യനെ നിയമിക്കേണ്ടതുണ്ട്. കരിമ്പ ഗ്രാമപഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും നൂറുകണക്കിനാളുകൾ നിത്യേന ആശ്രയിക്കുന്ന ആതുരാലയമാണിത്. നാല് വർഷം മുമ്പാണ് കല്ലടിക്കോട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ആദിവാസി-ദലിത് വിഭാഗങ്ങൾ ഉൾപ്പെടെ മലയോര മേഖലയിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് എളുപ്പം എത്തിപ്പെടാൻ പറ്റുന്ന ചികിത്സ കേന്ദ്രമെന്ന നിലയിൽ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തണമെന്ന ആവശമുയരുന്നുണ്ട്.