ഗ്രീൻഫീൽഡ് പാത; മൂണ്ടൂരിൽ അലൈൻമെന്റ് മാറ്റം
text_fieldsകല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ അലെയ്ൻമെൻറിൽ മാറ്റം വരുത്തിയ പശ്ചാത്തലത്തിൽ വീണ്ടും സ്ഥലമെടുപ്പ് വിജ്ഞാപനം. പാലക്കാട് താലൂക്കിലെ മുണ്ടൂർ വില്ലേജിനോട് ചേർന്ന പ്രദേശങ്ങളിലാണ് 4.2 ഹെക്ടർ പ്രദേശത്തെ ഗ്രീൻഫീൽഡ് പാത സ്പർശിച്ച് പോവുന്ന സ്ഥലങ്ങളിലെ പാത കടന്ന് പോകുന്ന സ്ഥലങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ളത്. വനമേഖല തൊട്ട് പോകുന്ന സ്ഥലം ഒഴിവാക്കിയാണ് പുതിയ അലൈൻമെന്റ് ക്രമീകരിച്ചിരിക്കുന്നതെന്ന് ദേശീയപാത സ്ഥലമെടുപ്പ് ഡപ്യൂട്ടി തഹസിൽദാർ മാധ്യമത്തോട് പറഞ്ഞു.
പാലക്കാട് താലൂക്കിലെ മുണ്ടൂർ വില്ലേജിന്റെ പ്രവർത്തന പരിധിയിലുള്ള നൊച്ചിപ്പുള്ളി, മോഴികുന്നം, മൈലംപുള്ളി, കയറംകോട്, വടക്കേക്കര എന്നിവിടങ്ങളിലെ ഭൂമിയും രണ്ട് പേരുടെ പുരയിടവും സ്ഥലമെടുപ്പിന്റെ ത്രി-ജി.എ വിജ്ഞാപന പ്രകാരം ഗ്രീൻഫീൽഡ് പാത നിർമിക്കാൻ ദേശീയ പാത അതോറിറ്റി ഏറ്റെടുക്കും. പുറമ്പോക്ക് ഉൾപ്പെടെ 43 പേരുടെ ഭൂമിയാണ് പുതുതായി സ്ഥലം ഏറ്റെടുക്കുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ പേരുവിവരവും വിശദാംശങ്ങളും ഇന്ത്യൻ ഗസറ്റിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയപാത സ്ഥലമെടുപ്പിന് മുന്നോടിയായി പരാതി സമർപ്പിക്കാൻ ഹിയറിങ് സംഘടിപ്പിക്കും. ഹിയറിങ് തിയതിയും സ്ഥലവും പിന്നീട് പ്രസിദ്ധീകരിക്കും.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ആധാരമുൾപ്പെടെ 15 രേഖകളാണ് ഹിയറിങിൽ ഹാജരാക്കേണ്ടത്. ജില്ലയിൽ മാത്രം 61.440 കിലോമീറ്റർ ദൈർഘ്യമാണ് പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്കുള്ളത്. മരുത റോഡ് മുതൽ എടത്തനാട്ടുകര വരെ 21 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.