ഹസീബിന്റെ ആത്മധൈര്യം തുണയായി; മരണക്കയത്തിൽനിന്ന് ദമ്പതികൾ ജീവിതത്തിലേക്ക്
text_fieldsമുഹമ്മദ് ഹസീബ്
കല്ലടിക്കോട്: കാഴ്ചക്കാരെല്ലാം പകച്ച് നിന്ന സമയം ഇടക്കുർശ്ശിയിൽ കിണറ്റിൽ വീണ ദമ്പതികളെ രക്ഷിക്കാനായത് പുലാപ്പറ്റ കോണിക്കഴി ആടക്കോട് ബാപ്പുട്ടി-ഹാജറ ദമ്പതികളുടെ മകൻ മുഹമ്മദ് ഹസീബിന്റെ (24) അസാമാന്യ ധൈര്യവും പരിസരവാസികളുടെ പിന്തുണയും.
വഴിയാത്രക്കാരായ കരിമ്പ ഇടക്കുർശ്ശി പട്ടിയപ്പൻ തരിശ് മനോജും ഭാര്യ റീനയുമാണ് വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഏകദേശം 25 കോൽ താഴ്ചയും നിറയെ വെള്ളവുമുള്ള കിണറിൽ അബദ്ധത്തിൽ വീണത്.
തൊട്ടടുത്ത കടയിലുണ്ടായിരുന്ന ഹസീബ് ഉടൻ സ്ഥലത്തെത്തി രക്ഷാദൗത്യത്തിനിറങ്ങി. കഴിഞ്ഞ വർഷം മുഹമ്മദ് ഹസീബ് അഗ്നിരക്ഷ റസ്ക്യു ടീമിന്റെ ആപ്ത മിത്ര പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ഇതാണ് കിണറ്റിൽ വീണവരെ രക്ഷിക്കാൻ യുവാവിന് ധൈര്യം പകർന്നത്.
കിണറ്റിലേക്ക് കൊട്ടയിറക്കി ഇരുവരേയും കരക്കുകയറ്റി. പ്രദേശവാസി ദിനേശും സഹായത്തിനായുണ്ടായിരുന്നു. ദമ്പതികളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ദുരന്തബാധിത പ്രദേശത്തും രക്ഷാപ്രവർത്തനങ്ങൾക്കും മുഹമദ് ഹസീബ് പങ്കാളിയായിരുന്നു. ഇന്റീരീയർ ഡിസൈനറായി ജോലി ചെയ്യുകയാണ് യുവാവ്.