കാറ്റും മഴയും; ദേശീയപാതയിൽ രണ്ടിടങ്ങളിൽ മരം വീണു
text_fieldsകരിമ്പ കച്ചേരിപ്പടി ഭാഗത്ത് ദേശീയപാതയിൽ കടപുഴകിയ മരം മുറിച്ചുനീക്കുന്നു
കല്ലടിക്കോട്: കാറ്റിലും മഴയിലും മരംവീണ് പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ രണ്ടിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. കരിമ്പ പള്ളിപ്പടി സെന്ററിന് സമീപം കച്ചേരിപടി ഭാഗത്തും ശിരുവാണി ജങ്ഷന് സമീപം ബഥനി സ്കൂളിന് മുൻവശത്തുമാണ് നടുറോഡിൽ മരം വീണത്. ചൊവ്വാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം.
നാട്ടുകാരും അഗ്നിരക്ഷ സേനയുമെത്തി മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റിയത്. കച്ചേരിപ്പടി ഭാഗത്ത് വൻമരമാണ് റോഡിൽ കടപുഴകിയത്. ബഥനി സ്കൂൾ ഭാഗത്ത് മരം പൊട്ടിവീഴുകയായിരുന്നു.
സംഭവസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തത് വൻദുരന്തം ഒഴിവാക്കി. ഇരു ദിശകളിലും ജോലി സ്ഥലങ്ങളിൽനിന്നും വീട്ടിലേക്ക് മടങ്ങിപോകുന്നവരും വിദ്യാർഥികളും ദീർഘനേരം വഴിയിൽ കുടുങ്ങി.