കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതി; അവസാനഘട്ട പ്രവർത്തനം ഒരു മാസത്തിനകം പൂർത്തിയാക്കും
text_fieldsകരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ്സായ കാഞ്ഞിരപ്പുഴ ഡാം
കല്ലടിക്കോട്: കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു. പാലക്കാട്-കോഴിക്കോട് ദേശീയപാതക്കരികെ കുടിവെള്ളം എത്തിക്കാനുള്ള കൂറ്റൻ പെൻ സ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിക്ക് രണ്ടര കോടി രൂപ നൽകണമെന്ന വ്യവസ്ഥ സംസ്ഥാന സർക്കാർ ഔദ്യോഗിക തലത്തിൽ അംഗീകരിച്ചു. ദേശീയപാത അതോറിറ്റിക്ക് കൈമാറാനുള്ള തുകയും കഴിഞ്ഞ ദിവസം അനുവദിച്ചു.
ഇതോടെ കരിമ്പ-കോങ്ങാട് കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കാനുള്ള പ്രധാന തടസ്സവും ഇല്ലാതായി. പൈപ്പ് സ്ഥാപിക്കാനുള്ള സമ്മത പത്രം ദേശീയപാത അതോറിറ്റി ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിന് മുന്നോടിയായി പൊതുമരാമത്ത് ദേശീയപാത എഞ്ചിനിയറിങ് വിങ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിക്കും. തുടർന്നാവും ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകുക.
പാലക്കാട്-കോഴിക്കോട് ദേശീയപാതക്കരികെ തച്ചമ്പാറ പഞ്ചായത്തിലെ പൊന്നങ്കോട് മുതൽ മുണ്ടൂർ പഞ്ചായത്തിലെ വേലിക്കാട് വരെയുള്ള 22 കിലോമീറ്റർ പ്രദേശത്താണ് ജലവിതരണ പൈപ്പ് സ്ഥാപിക്കാനുള്ളത്. കാഞ്ഞിരപ്പുഴ ഡാമാണ് കോങ്ങാട്-കരിമ്പ കുടിവെള്ള പദ്ധതിയുടെ പ്രധാന ജലസ്രോതസ്സ്.
രണ്ട് വർഷം മുമ്പ് തന്നെ കാഞ്ഞിരപ്പുഴ ഡാമിനോട് ചേർന്ന പുളിഞ്ചോട്ടിൽ ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. കാഞ്ഞിരപ്പുഴ ഡാമിൽനിന്ന് പമ്പ് ചെയ്തെടുക്കുന്ന വെള്ളം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച് കരിമ്പ പാറക്കാലിലെ ജലസംഭരണിയിലും കോങ്ങാട് കോട്ടപ്പടിയിലെയും ജലസംഭരണിയിലും എത്തിച്ചാണ് കരിമ്പ, കോങ്ങാട് ഗ്രാമപഞ്ചായത്തിലും മുണ്ടൂർ ഗ്രാമ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലും വിതരണം ചെയ്യുക.
കോട്ടപ്പടിയിലെ ജലസംഭരണിയുടെ നിർമാണം പൂർത്തിയായി. ഇനി കരിമ്പ പാറക്കാലിലെ വാട്ടർ ടാങ്കിന്റെ നിർമാണം കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
കുടിവെള്ള പദ്ധതി പ്രവർത്തനക്ഷമമാവുന്നതോടെ വർഷങ്ങളായി ശുദ്ധജല ക്ഷാമമുള്ള പ്രദേശവാസികൾക്ക് ആശ്വാസമാവും.