കല്ലടിക്കോട് കുടുംബക്ഷേമ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നു
text_fieldsജീർണാവസ്ഥയിലായ കല്ലടിക്കോട് കുടുംബക്ഷേമ കേന്ദ്രം
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് കുടുംബക്ഷേമ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നു. കല്ലടിക്കോട് കനാൽ ജങ്ഷനിലെ മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ഓടിട്ട കെട്ടിടം വർഷംതോറും ചെറിയ തോതിൽ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും ജീർണാവസ്ഥയിലാണ്. മഴ പെയ്താൽ ചോർന്നൊലിക്കും. കാലപ്പഴക്കം കാരണം മര ഉരുപ്പടികൾ ചിതലരിച്ച് നാശത്തിന്റെ വക്കിലാണ്.
പുതിയ കെട്ടിടം നിർമിക്കാൻ നാഷനൽ ഹെൽത്ത് മിഷൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. നിലവിലെ കെട്ടിടം പൂർണമായി പൊളിച്ചാണ് പുതിയത് നിർമിക്കുക. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ ഈ കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. പ്രവർത്തനം കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ട്. കുടുംബക്ഷേമ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പരാധീനതകളെപ്പറ്റി നേരത്തെ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.