കാത്തിരിപ്പിനൊടുവിൽ കല്ലടിക്കോട് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം വരുന്നു
text_fieldsകല്ലടിക്കോട് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലം
കല്ലടിക്കോട്: കാത്തിരിപ്പിനൊടുവിൽ കല്ലടിക്കോട് പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം വരുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ ഇടക്കുർശ്ശിയിലെ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 2. 26 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിക്കുക.
12 വർഷം മുമ്പ് 2013ലാണ് ഇവിടെ സ്റ്റേഷൻ അനുവദിച്ചത്. നാല് വർഷം മുൻപ് തന്നെ ജലസേചന വകുപ്പ് സ്ഥലം പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ കൈമാറിയിരുന്നു. നിർമാണ ഫണ്ട് ഈയിടെയാണ് അനുവദിച്ചത്.
കല്ലടിക്കോട് ടി.ബി.യിൽ കെ.പി.ഐ.പി.കോമ്പൗണ്ടിൽ ഉണ്ടായിരുന്ന പഴയക്വാർട്ടേഴ്സ് നവീകരിച്ചതിലാണ് പൊലീസ് സ്റ്റേഷൻ തുടക്കം മുതൽ പ്രവർത്തിക്കുന്നത്.
സ്റ്റേഷനിൽ നല്ല രീതിയിലുള്ള ഓഫീസ്, ലോക്കപ്പ്, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. പുതിയ കെട്ടിടം ഒരുങ്ങുന്നതോടെ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവും. പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് ഇടക്കുർശ്ശി ശിരുവാണി ജങ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.