ഇരട്ട മരണത്തിൽ വിറങ്ങലിച്ച് മരുതംകാട്
text_fieldsയുവാക്കൾ കൊല്ലപ്പെട്ട സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു
കല്ലടിക്കോട്: എഴുപതുകളിലെ മാനിറച്ചി കേസിന് തുടർച്ചയായുണ്ടായ കൊലപാതക പരമ്പരകൾക്കുശേഷം കുടിപ്പക ഒഴിഞ്ഞ സ്ഥലമായിരുന്നു മരുതംകാട്. എന്നാൽ, ഇന്നലെ നടന്ന ഇരട്ട മരണത്തിൽ നാട് നടുങ്ങി. കരിമ്പ മരുതംകാട് സ്വദേശികളായ ബിനു, നിധിൻ എന്നിവരെയാണ് മരുതംകാട് സ്കൂളിനു സമീപത്തെ വീട്ടിലും റോഡിലുമായി കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ മരുതംകാട് ക്വാറിക്കടുത്ത് തോട്ടത്തിൽ ടാപ്പിങ് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന മരുതംകാട് സ്വദേശി അനിൽകുമാറാണ് ബിനുവിനെ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടത്. പിന്നീടാണ് മറ്റൊരാൾ തൊട്ടടുത്ത വീട്ടിൽ കൊല്ലപ്പെട്ടതായറിഞ്ഞത്.
ഇയാൾ പരിസരവാസികളെയും തുടർന്ന് പൊലീസിനെയും അറിയിച്ചു. കൊല്ലപ്പെട്ട യുവാക്കളെക്കുറിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായമേ പറയാനുള്ളൂ. സംഭവം നടന്ന പ്രദേശത്തെ പഴയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നില്ല.
പൊതുവെ ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണിത്. തെളിവുകളും ശാസ്ത്രീയറിപ്പോർട്ടുകളും ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരൂവെന്ന നിലപാടിലാണ് പൊലീസ്. ജില്ല പൊലീസ് മേധാവി ആർ. അജിത്കുമാർ, മണ്ണാർക്കാട് ഡി വൈ.എസ്.പി സന്തോഷ് കുമാർ, കോങ്ങാട് സി.ഐ സുജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.


