ഇഴജന്തുക്കൾ കൈയടക്കി കനാൽ പ്രദേശങ്ങൾ
text_fieldsകല്ലടിക്കോട് കനാൽ തീരപ്രദേശങ്ങളിൽ കാട് വളർന്ന നിലയിൽ
കല്ലടിക്കോട്: കനാൽ തീരപ്രദേശങ്ങളിൽ കാട് വളർന്ന് ഇഴജന്തുക്കൾ താവളമാക്കിയതോടെ വഴിയാത്രക്കാർക്ക് ഭീഷണിയാവുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോടിന് സമീപത്തെ വാക്കോടിലും പരിസര പ്രദേശങ്ങളിലുമാണ് കാഞ്ഞിരപ്പുഴ കനാലിന്റെ ഇരുവശങ്ങളിലും കാട് തഴച്ച് വളരുന്നത്.
കാട് വ്യാപിച്ച് കനാലിനകത്തേക്ക് വ്യാപിച്ചതോടെ ജല വിതരണ മാർഗങ്ങളും മുടങ്ങിയ അവസ്ഥയാണ്. കല്ലടിക്കോട് കനാൽ ജങ്ഷനിൽ മലയോര മേഖലയിലേക്ക് പോകുന്നതിന് നിരവധി പേർ നിത്യേന ആശ്രയിക്കുന്ന റോഡും കനാൽ തീരത്താണ്.
കാട് നിറഞ്ഞതിനാൽ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളും പന്നി, മയിൽ പോലുള്ള വന്യജീവികളും രാത്രിയിലും പകലിലും ഒരു പോലെ വിഹരിക്കുന്ന പ്രദേശമായി ഇത് മാറിയിട്ടുണ്ട്. ഇരുചക്രവാഹനയാത്രക്കാരും ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നവരും കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
വർഷം തോറും അധികൃതർ ഇടപെട്ട് കനാൽ നവീകരണത്തിന്റെ ഭാഗമായി കനാൽ തീരപ്രദേശങ്ങളിലെ കാട് വെട്ടി നീക്കാറുണ്ടെങ്കിലും ഇത്തവണ ഈ പ്രവർത്തനവും നടന്നിട്ടില്ലെന്ന് നാട്ടുകാർക്ക് പറയുന്നു. കനാൽ നവീകരിച്ചില്ലെങ്കിൽ പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ വാലറ്റ പ്രദേശങ്ങളിൽ കാർഷിക ജലസേചനത്തിന് വേനൽക്കാലങ്ങളിൽ ആവശ്യത്തിന് വെള്ളം കിട്ടാത്ത സാഹചര്യം ഉണ്ടാകാനിടയുണ്ടെന്ന ആശങ്കയിലാണ് കർഷകർ.


