ശിരുവാണി ഡാം പാത നവീകരണം: പുതിയ രൂപരേഖ സമർപ്പിച്ചു
text_fieldsകനത്ത മഴയിൽ തകർന്ന ശിരുവാണി പാത (ഫയൽ)
കല്ലടിക്കോട്: ശിരുവാണി പാരിസ്ഥിതിക വിനോദ സഞ്ചാരമേഖലയിലെ റോഡിന്റെ പുനർ നിർമാണത്തിന് പുതിയ രൂപരേഖയായി. പുതിയ ഡിസൈൻ പൊതുമരാമത്ത് റോഡ് ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരത്തിന് സമർപ്പിച്ചു. ഈ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ച റിപ്പോർട്ട് ജില്ല എൻജിനീയറിങ് വിങ്ങിന് ലഭിച്ചാൽ ടെൻഡർ ക്രമീകരണങ്ങൾ പൂർത്തിയാവുന്നതോടെ റോഡ് നവീകരണം തുടങ്ങുമെന്ന് ശിരുവാണി ഡാമിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് പാലക്കാട് പൊതുമരാമത്ത് പാത വിഭാഗം എൻജിനീയറും ഉദ്യോഗസ്ഥ സംഘവും ശിരുവാണി മലയോര മേഖലയിലെ റോഡ് പരിശോധിച്ചു. പരിശോധന അടിസ്ഥാനമാക്കിയാണ് റോഡ് പുനർനിർമാണത്തിന് പുതിയ ഡിസൈൻ ആവിഷ്കരിച്ചത്. മുമ്പ് റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് സമർപ്പിച്ച രൂപരേഖ തിരുവനന്തപുരത്ത് നിന്നെത്തിയ പൊതുമരാമത്ത് പാത ഡിസൈൻ വിങ് സ്ഥലം സന്ദർശിച്ച ശേഷം റോഡിന്റെ ശാശ്വത നിലനിൽപ്പിന് യോജിച്ചതല്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതോടെ വീണ്ടും റോഡ് നവീകരണം എട്ട് മാസമായി മുടങ്ങി. ഇടക്കുർശി ഭാഗത്ത് ദേശീയപാതക്ക് സമീപം ആരംഭിക്കുന്ന ശിരുവാണി പാത പാലക്കയം ഭാഗത്തേക്ക് അറ്റകുറ്റപണി പൂർത്തിയാക്കിയെങ്കിലും മറ്റിടങ്ങളിൽ ഭാഗികമായ പുനരുദ്ധാരണ പ്രവൃത്തി നടത്തി താൽകാലികമായി സജ്ജമാക്കി. നാല് കിലോമീറ്റർ മാത്രം പാതയാണ് പുനരുദ്ധാരണ പ്രവൃത്തി നടത്തിയത്.
ഇഞ്ചിക്കുന്ന് മുതൽ കേരളമേട് കേരള സംസ്ഥാന അതിർത്തി വരെ 18 കിലോമീറ്റർ റോഡ് നന്നാക്കിയിരുന്നില്ല. രണ്ട് പ്രളയങ്ങളിലും റോഡ് നാമാവശേഷമായ എസ്.വളവ് പാതയുടെ ഭാഗം വീണ്ടും ഉണ്ടാക്കിയെടുക്കൽ ദുഷ്കരമായിരുന്നു. രണ്ടര വർഷം മുമ്പ് മണ്ണിട്ട് നികത്തി ചെറിയ തോതിൽ ശിരുവാണി ഡാം സൈറ്റിലേക്കും വനമേഖലയിലേക്കും പോകുന്ന ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും മാത്രം സഞ്ചരിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു. പ്രളയ സമാനമായ പ്രകൃതിക്ഷോഭങ്ങളിലും കാര്യമായ നാശനഷ്ടം ഉണ്ടാവാത്ത മാതൃകയിലാവും 18 കിലോമീറ്റർ ദൂരം റോഡ് നവീകരിക്കുക. ഡാമിന്റെ പരിപാലനം സംസ്ഥാന ജലസേചന വകുപ്പിനാണ്. ഈ മേഖലയിലെ സർവതോന്മുഖമായ അറ്റകുറ്റ, നിർമാണ പ്രവൃത്തികൾക്ക് തമിഴ്നാട് സർക്കാരാണ് പണം അനുവദിക്കുന്നത്.