പട്ടിയപ്പൻ തരിശിലെ മാലിന്യശേഖരം നീക്കി
text_fieldsപട്ടിയപ്പൻ തരിശിലെ മാലിന്യശേഖരം ലോറിയിൽ കയറ്റിയപ്പോൾ
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ ഇടക്കുർശ്ശി ശിരുവാണി ജങ്ഷന് സമീപം പട്ടിയപ്പൻ തരിശിൽ ശേഖരിച്ച മാലിന്യം നീക്കി. നിരവധി പേർ സഞ്ചരിക്കുന്ന പൊതുവഴിക്കടുത്ത് ചാക്കിൽ നിറച്ചു സൂക്ഷിച്ച ഖരമാലിന്യം പരിസരവാസികൾക്കും വഴിയാത്രക്കാർക്കും ഒരു പോലെ ഉപദ്രവമായിരുന്നു.
ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നാണ് മാലിന്യം നീക്കാൻ നടപടിയായത്. കല്ലടിക്കോട് ടി.ബി.സെന്ററിലും ജല അതോറിറ്റിയുടെ കുടിവെള്ള സംഭരണിക്ക് താഴെയും സമാനമായ നിലയിൽ മാലിന്യം സംഭരിച്ച് വെച്ചിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരികയും ചെയ്തു. ഇവയും പിന്നീടും മാലിന്യ സംസ്കരണത്തിന് കൊണ്ട് പോയി. അതേ സമയം, കരിമ്പ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന കുറ്റമറ്റ രീതിയിലാണ് മാലിന്യ മുക്ത പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഇതിനെതിരെയുള്ള കുപ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ശേഖരിക്കാൻ 17 വാർഡുകളിലായി 34 ഹരിത കർമസേന അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതി പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ കൂടി അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.