നാട്ടിലിറങ്ങിയ കാട്ടുപന്നി ജനവാസ മേഖലയിൽ ഭീതി പരത്തി
text_fieldsകല്ലടിക്കോട് ഇറങ്ങിയ കാട്ടുപന്നി
കല്ലടിക്കോട്: പട്ടാപകൽ നാട്ടിലിറങ്ങിയ കാട്ടുപന്നി ജനവാസ മേഖലയിൽ ഭീതി പരത്തി. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് മാപ്പിള സ്കൂൾ കവലയിലാണ് കാട്ടുപന്നി ഇറങ്ങിയത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
പന്നിയുടെ മുന്നിലകപ്പെട്ട വഴിയാത്രക്കാർ പലരും ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനങ്ങളും ജനസഞ്ചാരവും കൂടിയ പ്രദേശങ്ങളായിട്ടും കൂസലില്ലാതെ നടന്നുനീങ്ങിയ കാട്ടുപന്നിയെ കണ്ടവരെല്ലാം പേടി കാരണം അകലെ മാറി പോയി. കാട്ടുപന്നി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ സ്കൂട്ടറിലിടിച്ചെങ്കിലും യാത്രക്കാരി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നീട് കാട്ടുപന്നി തൊട്ടടുത്ത തോട്ടത്തിലേക്ക് കയറിയതോടെയാണ് നാട്ടുകാരുടെ ശ്വാസം വീണത്.
കല്ലടിക്കോട് കനാൽ തീരപ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ കാട്ടുപന്നികൾ താവളമാക്കിയതായി നാട്ടുകാർക്ക് പരാതിയുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനകം ഒരു ബൈക്ക് യാത്രികനുൾപ്പെടെ രണ്ട് പേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഒറ്റക്കും കൂട്ടായും ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികൾ ജനങ്ങളുടെ സ്വസ്ഥജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയാണ്.
കല്ലടിക്കോട് മലയടിവാര പ്രദേശങ്ങളായ മണ്ണാത്തിപ്പാറ, വാക്കോട്, പറക്കലടി, മുപ്പതേക്കർ എന്നിവിടങ്ങളിലും പരിസരങ്ങളിലും കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികൾ വിള നശിപ്പിക്കുന്നതും പതിവാണ്. ചേമ്പ്, ചേന, മരച്ചീനി തുടങ്ങിയവ പന്നി ശല്യം കാരണം കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.