ജനവാസ മേഖലയെ മുൾമുനയിൽ നിർത്തി കാട്ടാനകൾ
text_fieldsകൂമംകുണ്ട് ഭാഗത്ത് ഇറങ്ങിയ കാട്ടാന
കല്ലടിക്കോട്: മലയോര മേഖലയായ മൂന്നേക്കറിലും പരിസരങ്ങളിലും ഒറ്റക്കും കൂട്ടായും കാടിറങ്ങിയ കാട്ടാനകൾ നാട്ടിലിറങ്ങിയത് ജനവാസ മേഖലയെ ഭീതിയുടെ മുൾമുനയിൽ നിർത്തി. മീൻവല്ലം വെള്ളച്ചാട്ട പ്രദേശത്തിന് സമീപം കൂമൻകുണ്ട് ഭാഗത്ത് ഒറ്റയാൻ ഇറങ്ങി നാട്ടുപാതകളിൽ കറങ്ങി.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരിന്നു സംഭവം. വിഷുദിവസമായതിനാൽ മീൻവല്ലത്ത് ധാരാളം വിനോദസഞ്ചാരികൾ എത്തിയ സമയമായിരുന്നു. വൈകീട്ട് 3.30ടെ പ്രവേശനം നിർത്തി. വിനോദസഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കി. ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനപാലകരും ദ്രുത പ്രതികരണ സേനയും പടക്കം പൊട്ടിച്ചും ബഹളംവെച്ചും രാത്രി കാട്ടിലേക്ക് തുരത്തി.
അതേസമയം, മുണ്ടനാട് ഭാഗത്ത് പട്ടാപ്പകൽ ആറംഗ കാട്ടാനക്കൂട്ടം റബർ തോട്ടത്തിലെത്തിയിരുന്നു. ടാപ്പിങ് നിർത്തിയ തോട്ടങ്ങളിൽ കാട് വളർന്നതോടെ കാട്ടാനകൾ ഇത്തരം തോട്ടങ്ങളിൽ തമ്പടിക്കുകയാണ്. ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നതിനും തൊഴിലാളികൾ ഭയപ്പെടുന്നു. അതിനിടെ, ചുള്ളിയാംകുളം ആറ്റില മാവിൻ ചുവട്ടിനുസമീപം നിർത്തിയിട്ട ഓട്ടോറിക്ഷ കാട്ടാന തകർത്തു. കാഞ്ഞിരാനി ചൂരക്കോട് സ്വദേശി സുരേഷിന്റെ ഓട്ടോറിക്ഷയാണ് കുത്തിമറിച്ചിട്ടത്.
ചൊവ്വാഴ്ച അതിരാവിലെയാണ് സംഭവം. കഴിഞ്ഞദിവസം പകൽ വീടുകൾക്ക് സമീപം കാട്ടാന എത്തിയിരുന്നു. ആർ.ആർ.ടി സംഘവും നാട്ടുകാരും ചേർന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും പിന്നെയും രാവിലെ കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി. ഇവയിൽ ആക്രമണകാരിയായ കാട്ടാനയാണ് ഓട്ടോ തകർത്തത്.
രണ്ട് മാസക്കാലമായി തുപ്പനാട് മീൻവല്ലം വെള്ളച്ചാട്ട പ്രദേശത്ത് വെള്ളം കുടിക്കാനും നീരാടാനും കാട്ടാനകൾ പതിവായി എത്താറുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നില്ല.
കരിമ്പ പഞ്ചായത്തിലെ മൂന്നേക്കർ, പാങ്ങ്, ചുള്ളിയാംകുളം, തുടിക്കോട്, ആനക്കല്ല്, കരിമല, മീൻവല്ലം എന്നീസ്ഥലങ്ങളിലും ജനവാസ മേഖലയിലും തോട്ടങ്ങളിലും എത്തുന്ന കാട്ടാനകൾ ജനങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുകയാണ്.