വിടവാങ്ങിയത് പച്ചപ്പിന്റെ തോഴൻ കല്ലൂർ ബാലൻ
text_fieldsകല്ലൂർ ബാലൻ തേനൂർ അയ്യർമലയിലെ ജീവികൾക്ക് പഴം നൽകുന്നു (ഫയൽ)
പറളി: ‘മരിക്കുംമുമ്പ് എനിക്ക് ഈ മണ്ണിൽ ഒരുകോടി മരം നടണം’ -ഇതായിരുന്നു അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലന്റെ സ്വപ്നം.
2000ത്തിലാണ് ഇരുചക്രവാഹനത്തിൽ ചെടികളും കമ്പിപ്പാരയുമായി മഴയും വെയിലും മറന്ന് വഴിയോരങ്ങളിൽ മരം നടാൻ ബാലൻ രംഗത്തിറങ്ങിയത്. ഇതേ തുടർന്നാണ് 2011ൽ സർക്കാറിന്റെ വനമിത്ര അവാർഡ് ബാലനെ തേടിയെത്തിയത്. തേനൂർ അയ്യർമലയുടെ ഓരങ്ങളിൽ തുടങ്ങിയ ബാലേട്ടന്റെ ഹരിതപ്രയാണം പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് വ്യാപിച്ചു. പാലക്കാട് ജില്ലക്ക് 2013ൽ കേന്ദ്ര സർക്കാറിന്റെ വനമിത്ര അവാർഡ് നേടിക്കൊടുത്തതിൽ മുഖ്യപങ്ക് കല്ലൂർ ബാലന്റേതാണ്.
കോവിഡ് കാലത്ത് എല്ലാം സ്തംഭിച്ചപ്പോൾ വനജീവികളും പക്ഷികളും പറവകളും വിശപ്പടക്കിയത് കല്ലൂർ ബാലന്റെ നിസ്വാർഥ സേവനത്തിലാണ്. വ്യാപാരസ്ഥാപനങ്ങളിൽനിന്ന് പഴങ്ങൾ ശേഖരിച്ച് ഇറാം മോട്ടോഴ്സ് ഗ്രൂപ് സൗജന്യമായി നൽകിയ ബൊലേറോ വാഹനത്തിൽ എത്തിച്ച് വാളയാർക്കാട് മുതൽ കല്ലൂർ ചുടിയൻ മലവരെ വഴിയോരങ്ങളിൽ ഇട്ടുകൊടുത്ത് വനജീവികളുടെ വിശപ്പിന് പരിഹാരം കണ്ടിരുന്ന കല്ലൂർ ബാലനെ കാത്ത് ഇന്നും അയ്യർമലയിൽ നൂറുകണക്കിന് വാനരപ്പട ഇരിപ്പുണ്ട്.
അവസാന കാലത്ത് പാലക്കാടിന്റെ കരിമ്പന പ്രതാപം തിരിച്ചുപിടിക്കാനുള്ള യത്നത്തിലായിരുന്നു. ജില്ലയിലാകമാനം 10 ലക്ഷം കരിമ്പനത്തൈകൾ നട്ടുപിടിപ്പിക്കാനായിരുന്നു പദ്ധതി. ഇതിൽ അഞ്ചു ലക്ഷത്തോളം നട്ടുകഴിഞ്ഞതായി രണ്ടു ദിവസം മുമ്പ് ബാലൻ പറഞ്ഞിരുന്നു.