കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു
text_fieldsകഞ്ചിക്കോട്: വലിയേരി ഭാഗത്തിറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട തൊഴിൽ സേനയുടെ ട്രാക്ടറും തകർത്തു. ചൊവ്വ രാത്രിയെത്തിയ പി.ടി- 5, പി.ടി- 14 എന്നീ ആനകളാണ് നാശനഷ്ടമുണ്ടാക്കിയത്. വലിയേരി സ്വദേശി മനോജിന്റെ വീട്ടുമുറ്റത്ത് നിർത്തിയ ട്രാക്ടറിന്റെ എൻജിനും മേൽഭാഗവും ടയറുമാണ് തകർത്തു.
ഇവ ആനകൾ അരക്കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയ നിലയിലായിരുന്നു. പ്രദേശത്തെ പാടങ്ങൾ പൂട്ടാൻ തൊഴിൽസേനയുടെ ട്രാക്ടറാണ് നാട്ടുകാർ ഉപയോഗിക്കാറുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വലിയേരിയിൽ മാത്രമുണ്ടായി. പ്രദേശത്തെ മാവ്, തെങ്ങ് എന്നിവയും ആനകൾ നശിപ്പിച്ചു.
കഴിഞ്ഞയാഴ്ച കഞ്ചിക്കോട് അസീസി സ്കൂൾ, വിവി കോളജ് എന്നിവിടങ്ങളിലും ആനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ആനകളെ തുരത്താൻ കൂടുതൽ വനംവകുപ്പ് വാച്ചർമാർ പ്രദേശത്ത് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചൊവ്വാഴ്ച രാത്രി ഒമ്പതുമുതൽ ബുധനാഴ്ച പുലർച്ചെ വരെ കഞ്ചിക്കോട്ട് ഒറ്റയാൻ 12 തെങ്ങ് കുത്തിമറിച്ചിട്ടു.
പനങ്കാട് ചുള്ളിപ്പള്ളം സുധീഷിന്റെ തെങ്ങുകളാണ് നശിപ്പിച്ചത്. ഐ.ഐ.ടിയുടെ നിർമാണത്തിലുള്ള സ്ഥലത്തെ മതിൽ പൊളിഞ്ഞതുവഴിയാണ് ആന എത്തിയതെന്ന് നാട്ടുകാർ പറയുന്നു.