സി.പി.എം ഒരുങ്ങിക്കഴിഞ്ഞു; 2020നേക്കാൾ മികച്ച വിജയം നേടും -ഇ.എൻ. സുരേഷ്ബാബു
text_fieldsഇ.എൻ. സുരേഷ്ബാബു
പാലക്കാട്: സ്ഥാനാർഥിപ്പട്ടിക പൂർത്തിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ചതോടെ സി.പി.എം തദ്ദേശതെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. കാര്യമായി എതിർപ്പുകളില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ സി.പി.എമ്മിനും എൽ.ഡി.എഫിനും സാധിച്ചു. 2020ലെ തദ്ദേശതെരഞ്ഞെടുപ്പ് വൻ നേട്ടമായിരുന്നു എൽ.ഡി.എഫിന് സമ്മാനിച്ചത്. ആ മേൽക്കൈ തുടരാനാവുമെന്നാണ് പ്രതീക്ഷ.
സി.പി.ഐയുമായി ഭിന്നതയില്ലെന്നും പ്രാദേശികമായ ചില അസ്വാരസ്യങ്ങളാണുണ്ടായിരുന്നതെന്നും അവ പരിഹരിച്ച് നിലവിൽ ഇടതുമുന്നണി ഒറ്റക്കെട്ടാണെന്നും ഇ.എം. സുരേഷ്ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം പി.കെ. ശശിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ഒരുങ്ങിക്കഴിഞ്ഞു
സർക്കാറിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങൾ മുന്നിൽനിർത്തി ആദ്യഘട്ട ഗൃഹസന്ദർശന പരിപാടികൾ പല തവണകളായി പൂർത്തീകരിച്ചു. സ്ഥാനാർഥികളുടെ യോഗം, വീടുസന്ദർശനങ്ങൾ, എൽ.ഡി.എഫ് അഭ്യർഥന കൈമാറൽ എന്നിവ സ്ക്വാഡുകൾ രൂപവത്കരിച്ച് നടത്തിവരികയാണ്.
സർക്കാറിന്റെ വികസനത്തിലാണ് ഉൗന്നൽ
സംസ്ഥാന സർക്കാറിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും തന്നെയാണ് ചർച്ച ചെയ്യാൻ ജനം ആഗ്രഹിക്കുന്നത്. ഞങ്ങൾ മുന്നോട്ടുവെക്കുന്നതും അതുതന്നെ. ഇടതുമുന്നണി സർക്കാറിന്റെ നേട്ടം ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ അനുകൂല സാഹചര്യം എൽ.ഡി.എഫനി് ഗുണകരമാകും.
2020നേക്കാൾ മികച്ച വിജയം
2020നേക്കാൾ മികച്ച വിജയം പാലക്കാട് ജില്ലയിൽ ഇടതു മുന്നണിക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ അഞ്ച് വർഷത്തിനിടെ പശ്ചാത്തലവികസനം, വിദ്യഭ്യാസം, ആരോഗ്യം , വ്യക്തിഗത ആനൂകൂല്യം എന്നിവയിലെല്ലാം മുമ്പന്തിയിലാണ്. അതിനാൽ ഇപ്പോൾ ഇടതുഭരണത്തിലല്ലാത്ത 26 പഞ്ചായത്തുകളിൽ ഭൂരിഭാഗവും ഞങ്ങൾക്ക് ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
ബി.ജെ.പിക്ക് തുടർഭരണം കിട്ടില്ല
പാലക്കാട് നഗരസഭയിൽ യു.ഡി.എഫ് -ബി.ജെ.പിയുമായി നീക്ക്പോക്ക് ഉണ്ടാക്കിയില്ലെങ്കിൽ ബി.ജെ.പിക്ക് തുടർഭരണം കിട്ടില്ല. എൽ.ഡി.എഫ് നഗരസഭയിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാനുള്ള എല്ലാ പ്രവർത്തനവും നടത്തിക്കഴിഞ്ഞിട്ടുണ്ട്. ജനം ബി.ജെ.പിക്ക് എതിരാണ്. അത് അവർ മനസ്സിലാക്കാൻ ഇരിക്കുന്നതേയുള്ളൂ
എൽ.ഡി.എഫ് ഒറ്റക്കെട്ട്
സി.പി.എമ്മുമായി ചേരാതെ സി.പി.ഐ മത്സരിക്കുന്നു എന്ന തരത്തിൽ ചില പ്രദേശങ്ങളിൽനിന്ന് അനാവശ്യമായ വാർത്തകൾ പത്രങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിൽ ഒരു കാര്യവുമില്ല. സി.പി.ഐയുമായോ മുന്നണിയിലെ മറ്റ് പാർട്ടികളുമായോ ഒരു തരത്തിലുള്ള ഭിന്നതയുമില്ല.
പിന്നെ വിവിധ പാർട്ടികളാണല്ലോ. ഓരോ പാർട്ടിയുടെയും പ്രാദേശിക നേതാക്കളുടെ വികാരം ഉൾക്കൊണ്ട് പോകുകയെന്ന് വരുമ്പോൾ സ്വാഭാവികമായും ചില വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത നിലപാടുകളും ഉണ്ടാവും. പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.


