12.7 കിലോ കഞ്ചാവ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ
text_fieldsകൊല്ലങ്കോട് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവുമായി പൊലീസ്
കൊല്ലങ്കോട്: റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ 12.7 കിലോ കഞ്ചാവ് കണ്ടെത്തി. ഓണത്തോടനുബന്ധിച്ച് കൊല്ലങ്കോട് പൊലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനക്കിടെയാണ് കൊല്ലങ്കോട് റെയിൽവേ സ്റ്റേഷന് കിഴക്ക് മലയാമ്പള്ളം റോഡിൽ കാരപ്പറമ്പ് റെയിൽവേ ട്രാക്കിനു സമീപം ചാക്കിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് 4.30ഓടെ പൊള്ളാച്ചി വഴി ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് കടന്നുപോയതിനുശേഷമാണ് കഞ്ചാവ് കിട്ടിയത്. വിതരണക്കാർക്ക് എടുക്കാൻ വേണ്ടി ട്രെയിനിൽനിന്ന് ഇട്ടുകൊടുത്തതാകാമെന്നാണ് പൊലീസ് നിഗമനം. മുതലമട, കൊല്ലങ്കോട്, പുതുനഗരം റെയിൽവേ സ്റ്റേഷനുകൾക്കു സമീപം ലഹരിവസ്തുക്കൾ ട്രാക്കിൽ വലിച്ചെറിയുന്നത് വർധിച്ചുവരുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിർത്താത്ത ട്രെയിനുകൾ സ്റ്റേഷനു സമീപം സിഗ്നൽ ലഭിക്കുന്നതിനായി വേഗം കുറക്കുമ്പോഴാണ് കുറ്റിക്കാടുകൾക്കിടയിലേക്ക് ലഹരിക്കവറുകൾ വലിച്ചെറിയുന്നത്.
എക്സൈസും കേരള പൊലീസും സംയുക്തമായി ട്രെയിനിലും പുറത്തും പരിശോധന ശക്തമാക്കണമെന്നും ലഹരിക്കടത്തുകാർക്കെതിരെ നടപടി ഊർജിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു കഞ്ചാവ് കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ സത്യനാരായണൻ പറഞ്ഞു.