കൊല്ലങ്കോട് സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി
text_fieldsകൊല്ലങ്കോട് സ്റ്റാൻഡിലേക്ക് പോകുന്ന ബസുകൾ
കൊല്ലങ്കോട്: കൊല്ലങ്കോട് ബസ് സ്റ്റാൻഡിൽ ബസുകൾ കയറി തുടങ്ങി. കൊല്ലങ്കോട് നിന്ന് ചിറ്റൂർ, പാലക്കാട്, കൊടുവായൂർ പ്രദേശങ്ങളിലേക്കുള്ള ബസുകൾ സ്റ്റാൻഡിൽ കടന്നാണ് പോയത്.
എന്നാൽ തൃശൂരിലേക്കുള്ള ബസുകൾ സ്റ്റാൻഡിൽ കയറാഞ്ഞത് യാത്രക്കാരെ വലച്ചു. ഗോവിന്ദാപുരം- തൃശൂർ റൂട്ടിലെ ബസുകളാണ് സ്റ്റാൻഡിൽ കയറാതെ ടൗണിൽ നിന്ന് നേരെ നെന്മാറ വഴി പോയത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം എല്ലാ ബസുകളും സ്റ്റാൻഡിൽ കയറാൻ തീരുമാനിച്ചെങ്കിലും തൃശൂരിലേക്കുള്ള ബസുകൾ സ്റ്റാൻഡ് ഒഴിവാക്കിയത് യാത്രക്കാരെ വലച്ചു. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറുന്നുവെന്ന് ഉറപ്പാക്കാൻ ബസ് സ്റ്റാൻഡ് ജങ്ഷൻ, ബ്ലോക്ക് ഓഫിസ് ജങ്ഷൻ, കൊല്ലങ്കോട് ടൗൺ, ബ്ലോക്ക് ഓഫീസ് വിനായകൻ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ ഹോം ഗാർഡുകളെയും പൊലീസിനെയും നിയമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
അതേസമയം സ്റ്റാൻഡിൽ പോയി തിരിച്ചു വരുമ്പോൾ മൂന്ന് മിനിറ്റോളം സമയം നഷ്ടപ്പെടുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. റോഡരികിലെ അനധികൃത പാർക്കിങ്ങും ബസ് സ്റ്റാൻഡ് റോഡിൽ ബിവറേജസിലേക്കുള്ള വാഹനങ്ങൾ നിർത്തിയിടുന്നതും ബസ് സർവിസിന് തടസമാകുന്നതായും ജീവനക്കാർ ചൂണ്ടികാണിക്കുന്നു.
ഗതാഗത ക്രമീകരണം ശക്തമായി നടപ്പിലാക്കുവാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ഒരു യോഗം കൂടി വിളിച്ചു ചേർക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.