ഭീതിപരത്തി വൈദ്യുതി ലൈനുമായി ചേർന്ന് കേബിൾ വയർ
text_fieldsകൊല്ലങ്കോട് ആയുർവേദ ഡിസ്പൻസറിക്കു മുന്നിലെ മേൽക്കൂരക്കു തൊട്ടു മുകളിലൂടെ താഴ്ന്ന നിലയിൽ കടന്നു പോകുന്ന വൈദ്യുതിലൈൻ. ഇതിൽ പാഴ്ച്ചെടികൾ പടർന്നതും കാണാം.
കൊല്ലങ്കോട്: കൊല്ലംകോട് ബസ്റ്റാൻഡിന് അടുത്ത് വൈദ്യുതി ലൈനുമായി ബന്ധിപ്പിച്ച് കേബിൾ വയർ കടന്നു പോകുന്നത് ഭീഷണിയാകുന്നു. നിരവധി തവണ നാട്ടുകാർ കെ.എസ്.ഇ.ബിക്ക് പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വീടുകളിലേക്ക് എത്തുന്ന കേബിൾ ലൈനിലൂടെ വൈദ്യുതി പ്രവഹിച്ച് അപകടസാധ്യതയുള്ളതിനാൽ അടിയന്തരമായി വൈദ്യുതി ലൈനുമായി ബന്ധിപ്പിച്ച കേബിൾ വയറുകളെ മാറ്റുവാൻ നടപടി ഉണ്ടാകണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
കൊല്ലങ്കോട്, വടവന്നൂർ, കൊടുവായൂർ, മുതലമട എന്നീ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ എല്ലാ വൈദ്യുതി തൂണുകളിലും സമാന അവസ്ഥയുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കൊല്ലങ്കോട് ആയുർവേദ ഡിസ്പെൻസറിയുടെ മുന്നിൽ സ്ഥാപിച്ച ഇരുമ്പ് മേൽക്കൂരക്ക് മുകളിലൂടെ താഴ്ന്ന നിലയിൽ കടന്നുപോകുന്നത് അപകടസാധ്യത കൂട്ടുന്നു. ഇരുമ്പ് മേൽക്കൂരക്ക് താഴെയുള്ള ഇരുമ്പ് സീറ്റിൽനിന്ന് രണ്ട് അടി മാത്രം ഉയരത്തിലാണ് വൈദ്യുതിലൈൻ കടന്നു പോകുന്നത്.
ഇതിൽ പാഴ് ചെടികൾ വളർന്നു നിൽക്കുന്നതിനാൽ മഴ സമയത്ത് തീപ്പൊരികൾ പടർന്ന് സീറ്റിനു മുകളിൽ തെറിക്കുന്നത് പതിവാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ആയുർവേദ ഡിസ്പെൻസറിയിൽ ഇത്തരമൊരു അപാകത എൻജിനീയറിങ് വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എസ്.വി. സ്ട്രീറ്റ് റോഡിലെ വൈദ്യുതി പോസ്റ്റും ബസ് സ്റ്റാൻഡ് റോഡിലെ രണ്ടു വൈദ്യുതി പോസ്റ്റും ഇപ്പോഴും അപകടമായ രീതിയിലാണ് ഉള്ളത്.