കണ്ണടച്ച് ഉദ്യോഗസ്ഥർ; രണ്ടേക്കർ കുളം നികത്തുന്നു
text_fieldsവടവന്നൂർ, ഊട്ടറ, പല്ലൂർ പാടത്ത് രണ്ടേക്കറോളം വരുന്ന കുളം യന്ത്രം ഉപയോഗിച്ച് നികത്തുന്നു
കൊല്ലങ്കോട്: വടവന്നൂർ, ഊട്ടറ, പല്ലൂർ പാടത്ത് രണ്ടേക്കറോളം വിസ്തൃതിയിലുള്ള കുളം നികത്തുന്നു. രണ്ടാഴ്ചയായി കുളം നികത്തുന്നത് തുടരുകയാണ്. ഞായർ, രണ്ടാം ശനി എന്നീ അവധി ദിവസങ്ങളിലാണ് കുളം നികത്തുന്നത്. നിരവധി നീർച്ചാലുകൾ കുളത്തിൽ സംഗമിക്കുകയും ഇതിൽനിന്നുള്ള വെള്ളം സമീപ പ്രദേശങ്ങളിലെ കൃഷിക്ക് ഉപയോഗിക്കാറുമുണ്ട്. കുളം നികത്തലിനെതിരെ നാട്ടുകാർ വില്ലേജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
സമീപങ്ങളിലെ നൂറിലധികം വീടുകളിലെ കിണർ, കുഴൽ കിണർ എന്നിവയിലെ ജലനിരപ്പ് കുളം നികത്തൽ മൂലം താഴുമെന്ന ഭീതിയിലാണ് പല്ലൂർ പാടം വാസികൾ. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആറ് കുളങ്ങൾ നികത്തിട്ടുണ്ട്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ചില പ്രദേശങ്ങളിൽ റവന്യു, കൃഷി വകുപ്പുകൾ കർശനമാക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിലായി 22 കുളങ്ങളാണ് ഒരു വർഷത്തിനകം നികത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചിറ്റൂർ താലൂക്കിൽ മാത്രം 38 കുളങ്ങൾ നികത്തിയതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. നികത്തിയ കുളങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ചിറ്റൂർ തഹസിൽദാറും ജില്ല കലക്ടറും തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.