കൊല്ലങ്കോട് മേഖലയിൽ രണ്ട് മാസത്തിനിടെ നികത്തിയത് പത്ത് ഏക്കറിലധികം നെൽപ്പാടം
text_fieldsകൊല്ലങ്കോട് വെള്ളനാറയിൽ നെൽപ്പാടങ്ങൾ, കാഡ കനാൽ എന്നിവ നികത്തിയ നിലയിൽ
കൊല്ലങ്കോട്: കൊല്ലങ്കോട് മേഖലയിൽ കുളങ്ങളും നെൽപ്പാടങ്ങളും നികത്തുന്നത് വ്യാപകമായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്ത് ഏക്കറിലധികം നെൽപ്പാടങ്ങളും നാല് കുളങ്ങളുമാണ് കൊല്ലങ്കോട് ഒന്ന്, രണ്ട് വില്ലേജുകളുടെ പരിധിയിൽ നികത്തിയത്. നാല് മാസങ്ങൾക്കുമുമ്പ് സി.ടി. പാളയത്തി നടുത്ത് നാലര ഏക്കറിലധികം ഇരുപൂവൽ പാടം നികത്തലിനെതിരെ നാട്ടുകാർ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു.
നിലവിൽ വെള്ളനാറയിലാണ് രണ്ട് കുളങ്ങൾ, കാഡ കനാൽ, തോട് എന്നിവ ഉൾപ്പെടെ പാടശേഖരം നികത്തുന്നത്. പറമ്പ് നികത്തുന്നതിന്റെ പേരിലാണ് പാടശേഖരങ്ങളും നികത്തുന്നത്. പത്ത് വർഷത്തിൽ അധികമായി തരിശിട്ട ഇരുപൂവൽ പാടശേഖരവും ഇതിൽ ഉൾപ്പെടും. നിരവധി കൃഷിയിടങ്ങളിലേക്ക് ചുള്ളിയാർ ഡാം വെള്ളം എത്തിക്കുന്ന കനാൽ നികത്തിയാണ് പ്ലോട്ടുകളാക്കുന്നത്. നാട്ടുകാർ റവന്യു വകുപ്പിൽ വിവരങ്ങൾ അറിയിച്ചു. എന്നാൽ, പരാതി ലഭിച്ചിട്ടില്ലെന്ന് കൊല്ലങ്കോട് രണ്ട് വില്ലേജ് ഓഫിസർ പറഞ്ഞു.
ബി.എസ്.എൻ.എൽ ഓഫിസിന് പിറകുവശത്ത് സ്വകാര്യ വ്യക്തി കുളം നികത്തുന്നതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. കൊല്ലങ്കോട് ടൗണിനോട് അടുത്ത പ്രദേശങ്ങൾ നല്ല വിലയുള്ളതിനാൽ കുളമായാലും നികത്തി പ്ലോട്ടുകളാക്കുന്ന പ്രവണതകൾക്കെതിരെ അധികൃതർ മൗനം പാലിക്കുകയാണ്. എന്നാൽ, മൂന്ന് സെന്റ് ഭൂമിയിൽ ലൈഫ് ഭവന പദ്ധതി പാസായിട്ടും കെ.എൽ.യു ലഭിക്കാതെ ഓഫിസുകൾ തോറും കയറിയിറങ്ങുന്ന സാധാരണക്കാരും കൊല്ലങ്കോട്ടിലുണ്ട്. റവന്യൂ, കൃഷി വകുപ്പുകൾ സംയുക്തമായി കൊല്ലങ്കോട്, മുതലമട, വടവന്നൂർ, പുതുനഗരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നികത്തിയ നീർത്തടങ്ങൾ കണ്ടെത്തി പൂർവ സ്ഥിതിയിലാക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.