നെൽക്കതിർ പുരസ്കാരം: അഭിമാനത്തോടെ തുമ്പിടി കരിപ്പായി പാടശേഖരസമിതി
text_fieldsനെൽക്കതിർ അവാർഡിന് അർഹരായ എലവഞ്ചേരി പഞ്ചായത്തിലെ തുമ്പിടി കരിപ്പായി പാടശേഖര സമിതി ഭാരവാഹികൾ പാടത്ത്. ഓണത്തിനായി ഒരുക്കിയ ചെണ്ടുമല്ലി കൃഷിയും കാണാം
കൊല്ലങ്കോട്: തുമ്പിടി കരിപ്പായി പാടശേഖര സമിതിക്ക് നെൽക്കതിർ അവാർഡ് നേടിക്കൊടുത്തത് പരസ്പര കെട്ടുറപ്പിന്റെ ശക്തി. 52 ഹെക്ടറിൽ 92 കർഷകരുള്ള സമിതിയിൽ നെല്ല് മുതൽ 12 ലധികം ഇനം പച്ചക്കറി ഉൾപ്പെടെയാണ് കൃഷി ചെയ്യുന്നത്. നെല്ലിന് പുറമെ ഇഞ്ചി, മഞ്ഞൾ, മത്സ്യം എന്നിവയും കൃഷി ചെയ്യുന്നു. തുമ്പിടി കരിപ്പായി പാടശേഖര സമിതിയിൽ പ്രാചീന നെൽ ഇനങ്ങളായ രക്തശാലി, കല്യാണി വയലറ്റ്, കലാമ്പാട്ടി, ഡാബർശാല, തവളക്കണ്ണൻ നെൽവിത്തുകളും കൃഷി ചെയ്ത് വിപണി കണ്ടെത്തുന്നുണ്ടെന്ന് തുമ്പിടി കരിപ്പായി പാടശേഖര സമിതി പ്രസിഡന്റ് എസ്. ഷാബുമോൻ, സെക്രട്ടറി എ. ചെന്താമര എന്നിവർ പറഞ്ഞു.
ഏക്കറിൽ ശരാശരി 3000 കിലോ നെല്ലാണ് കർഷകർക്ക് ലഭിക്കുന്നത്. വിളവെടുത്ത നെല്ല് ഉണക്കാനും സംസ്കരിക്കാനും ഗോഡൗൺ സംവിധാനവുമുണ്ട്. കാർഷിക കലണ്ടർ തയാറാക്കിയാണ് പ്രവർത്തനം. യന്ത്രങ്ങൾ ഒരുമിച്ച് എത്തിക്കുന്നതിലൂടെ നടീലും കൊയ്ത്തും ചെലവ് ചുരുങ്ങിയ രീതിയിൽ നടത്താനാകുന്നു. ഒറ്റഞാർ കൃഷിരീതിയും കർഷകർ ഒരുമിച്ചാണ് ചെയ്യുന്നത്. ചാഴി, കീട നിയന്ത്രണത്തിന് പാടവരമ്പിൽ ചെണ്ടുമല്ലിയും സൂര്യകാന്തിയും വിളയിച്ച് ഓണക്കാലത്ത് പൂവിൽപനയും നടത്തുന്നതായി പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.
ഫാം ടൂറിസം മുന്നിൽ കണ്ട് പാടശേഖര സമിതി രൂപം നൽകിയ നിള കൃഷിക്കൊപ്പം മൂല്യവർധിത ഉൽപന്നങ്ങൾ ‘എലാവ്’ ബ്രാൻഡിൽ വിൽപന നടത്തുന്നു. അപൂർവ ഇനം നെല്ലിനങ്ങളുടെ അരി, അവിൽ, അരിപ്പൊടി എന്നിവയാണ് വിൽക്കുന്നത്. ഇത്തവണ വിദ്യാർഥികളെ ഉപയോഗപ്പെടുത്തി വിത്ത് ഇറക്കിയ ’കാലാസാട്ടി’ നെല്ലിനം കൊയ്ത്ത് കഴിഞ്ഞാൽ സ്കൂളിന് തന്നെ നൽകുവാനുള്ള തയാറെടുപ്പിലാണ് പാടശേഖരസമിതി.