ചിക്കണാമ്പാറയിലെ ജലസംഭരണി ജീർണാവസ്ഥയിൽ
text_fieldsവിള്ളൽ വീണ് നാശോന്മുഖമായ കൊല്ലങ്കോട് ചിക്കണാമ്പാറയിലെ ജലഅതോറിറ്റിയുടെ ജലസംഭരണി
കൊല്ലങ്കോട്: 25 വർഷത്തിലധികം കാലപ്പഴക്കമുള്ള ഭീമൻ ജലസംഭരണി ജീർണാവസ്ഥയിൽ. പൊളിച്ചുമാറ്റി പുനർനിർമിക്കണമെന്ന ആവശ്യം ശക്തം. മീങ്കര ശുദ്ധജല പദ്ധതിയുടെ ഭാഗമായി 25 വർഷങ്ങൾക്ക് മുമ്പ് കൊല്ലങ്കോട് ചിക്കണാമ്പാറയിൽ സ്ഥാപിച്ച ഏഴ് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയാണ് വിള്ളൽ വീണ് നാശോന്മുഖമായത്.
പത്തിലധികം തൂണുകൾക്ക് വലിയതോതിൽ വിള്ളലുണ്ടായിട്ടുണ്ട്. തൂണുകളിലെ ഇരുമ്പുകമ്പി പുറത്ത് കാണുംവിധം തുരുമ്പെടുത്തിട്ടുണ്ട്.
ജലസംഭരണി പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുാർ നിരവധി തവണ സർക്കാറിന് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ തുടങ്ങിയ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ജലസംഭരണിയാണിത്.
എന്നാൽ, സംഭരണിയുടെ വിള്ളൽ പരിശോധിച്ചെന്നും പുതിയത് നിർമിക്കണമെങ്കിൽ സ്ഥലം കണ്ടെത്തണമെന്നും അതിനുള്ള ശ്രമത്തിലാണെന്നും ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. എന്നാൽ സബ് ട്രഷറിയുടെ സ്ഥലത്ത് പുതിയ ജനസംഭരണി നിർമിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.