കാട്ടാന ശല്യത്തിൽ ഉറക്കമില്ലാതെ വനം വകുപ്പും നാട്ടുകാരും
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലങ്കോട്: കാട്ടാനശല്യം തുടരുമ്പോൾ ഉറക്കമില്ലാതെ വനം വകുപ്പും നാട്ടുകാരും. അഞ്ചിലധികം വരുന്ന കാട്ടാനകളുടെ ഒരു സംഘവും രണ്ട് കാട്ടാനകളും മറ്റൊരു ഒറ്റയാനും ഉൾപ്പെടെ എട്ട് ആനകളാണ് തേക്കിൻചിറ, വേലാങ്കാട്, ചീളക്കാട്, മാത്തൂർ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം വരുത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നൂറ് വാഴ, 20 കവുങ്ങ്, പത്ത് തെങ്ങ്, പൈപ്പുകൾ, സൗരോർജ വേലി എന്നിവ കാട്ടാനകൾ നശിപ്പിച്ചിരുന്നു. ഇടവിടാതെ ശക്തമായ മഴ രാത്രിയിൽ തുടരുന്നത് ആനകൾ വീണ്ടും ജനവാസ മേഖലയിലെത്തുന്നത് തുടരാൻ ഇടയാക്കുന്നു. വൈദ്യുത വേലിയുൾപ്പെടെ നശിപ്പിക്കുകയാണ്.
ദ്രുതകർമസേനയും കൊല്ലങ്കോട് സെക്ഷൻ റേഞ്ച് ഉദ്യോഗസ്ഥരും വിവിധ പ്രദേശങ്ങളിൽ ആനകൾക്കെതിരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മഴ മാറിയാലേ ശാശ്വത പരി ഹാരം കണ്ടെത്താനാകൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, ജനവാസ മേഖലയിൽനിന്ന് കാട്ടാനകളെ തുരത്തിയതായി കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ് പറഞ്ഞു.
എന്നാൽ രാത്രിയിൽ തിരിച്ചു വരുന്ന കാട്ടാനകളെ വനത്തിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അടിവാരപ്രദേശങ്ങളിലെ കവലകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും വൈദ്യുത തൂണുകളിൽ പ്രകാശം കൂടിയ വെളിച്ചം വേണമെന്നുമുള്ള കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം ഇപ്പോഴും കടലാസിലാണ്.