Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊല്ലങ്കോട് പോസ്റ്റ്‌...

കൊല്ലങ്കോട് പോസ്റ്റ്‌ ഓഫിസിലേക്ക് കഞ്ചാവ് പാർസൽ ചെയ്ത പ്രതികൾ ഗുവാഹത്തിയിൽ അറസ്റ്റിൽ

text_fields
bookmark_border
കൊല്ലങ്കോട് പോസ്റ്റ്‌ ഓഫിസിലേക്ക് കഞ്ചാവ് പാർസൽ ചെയ്ത പ്രതികൾ ഗുവാഹത്തിയിൽ അറസ്റ്റിൽ
cancel
camera_alt

ഗുവാഹത്തി വിമാനത്താവളത്തിൽ 670 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികളുമായി അസമിലെ അസാര പൊലീസ്

കൊല്ലങ്കോട്: കൊല്ലങ്കോട് പോസ്റ്റ്‌ ഓഫിസിലേക്ക് പാർസൽ വഴി ഏഴ് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെ അസമിലെ ഗുവാഹത്തി വിമാനത്താവളത്തിൽ 670 കിലോ കഞ്ചാവുമായി അസാര പൊലീസ് അറസ്റ്റ് ചെയ്തു. ത്രിപുര സ്വദേശി അബൂബക്കർ സിദ്ധിഖ് എന്ന റോമൻ (22), മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലക്കാരായ ഫൽബക്സ്റ്റാർ പർലോംഗ് (32), അൽവിനെസ്റ്റാർ സിയം (21), ക്രഷ്ദോഖർ (40) എന്നിവരാണ് പിടിയിലായത്.

111 പാർസലു കളിലായി 670 കിലോ കഞ്ചാവ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അയക്കാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവർ പിടിയിലായായത്. കൊല്ലങ്കോട് പോസ്റ്റ് ഓഫിസിലേക്ക് കഞ്ചാവ് അയച്ച കേസിൽ പിടിയിലായ കൊല്ലങ്കോട് സ്വദേശി ജിജിറ്റിനെ ചോദ്യം ചെയ്തതിലാണ് മേഘാലയയിൽനിന്ന് കഞ്ചാവ് പാർസലായി അയച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചത്. തുടർന്ന് കേസിന്റെ വിവരങ്ങൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോക്ക് കൈമാറി.

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഗുവാഹത്തി യൂനിറ്റ് ഇതിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് സംഘം അറസ്റ്റിലായത്. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബർദൊ ലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ എത്തിച്ച പാർസലുകളിൽ കഞ്ചാവുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുവാഹത്തി വെസ്റ്റ് പൊലീസ് കമീഷണർ ബോലിൻ ദേവ്‌രിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് 670 കിലോ കഞ്ചാവ് കണ്ടെത്തിയത്.

മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൈരംഗ് പ്രദേശത്തുനിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഗുവഹാത്തി വെസ്റ്റ് പൊലീസ് കമീഷണർ ബോലിൻ ദേവ്‌രി പറഞ്ഞു. പിടിക്കപ്പെടാതിരിക്കാൻ മരിച്ചുപോയ വ്യക്തികളുടെ പേരുകളും വിലാസങ്ങളും ഉപയോഗിച്ചാണ് പ്രതികൾ പാർസലുകൾ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. അബൂബക്കർ സിദ്ധിഖ് എന്ന റോമനാണ് പ്രധാന പ്രതി. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം പ്രതികൾക്കെതിരെ അസാര പൊലീസ് കേസെടുത്തു.

2026 ഫെബ്രുവരി നാലിന് മേഘാലയിൽനിന്ന് കൊല്ലങ്കോട് പോസ്റ്റ് ഓഫിസിലേക്ക് വന്ന 7.3 കിലോ കഞ്ചാവ് അടങ്ങിയ പാർസൽ കൈപ്പറ്റവേ സഹോദരങ്ങളായ കൊല്ലങ്കോട് സ്വദേശികളായ സഞ്ജയ്‌, രാഹുൽ എന്നിവർ പിടിയിലായതോടെയാണ് കഞ്ചാവ് ശൃംഖലയുടെ ചുരുളഴിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് ഓർഡർ ചെയ്ത കൊല്ലങ്കോട് ത്രാമണി സ്വദേശി തടനാറ വീട്ടിൽ ജിജിറ്റിനെ (19) പാലക്കാട്‌ പുത്തൂരിലെ വാടക വീട്ടിൽ വെച്ച് എക്‌സൈസ് അറസ്റ്റ് ചെയ്തു. ജിജിറ്റിനെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റകൃത്യത്തിന് സാമ്പത്തിക സഹായം നൽകിയതിനും ഒളിവിൽ പോകുന്നതിന് സഹായം ചെയ്തതിനും ഗൂഢാലോചന നടത്തിയതിനും ജിജിറ്റിന്റെ അമ്മയുടെ സഹോദരങ്ങളായ കൊല്ലങ്കോട് ത്രാമണി താടനാറ വീട്ടിൽ സിബി എന്ന കൃഷ്ണൻകുട്ടി, കവിത എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥനായ ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു.

കൊല്ലങ്കോട് പോസ്റ്റ് ഓഫിസിൽ പാർസൽ പിടികൂടിയ കേസിൽ ഇതുവരെ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ടെന്ന് ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ്‌ ഷഫീഖ് പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. അഭിലാഷ്, തൻസിൽ താഹ, യു.കെ. ജിതിൻ, അസി. ഇൻസ്‌പെക്ടർ വി. മണി, പ്രിവന്റീവ് ഓഫിസർ വി. ശിവകുമാർ, യാസർ അറഫാത്ത്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. അഭിലാഷ്, എം. സജിത്ത് കുമാർ, റജീന എന്നിവരാണ് കൊല്ലങ്കോട്ട് കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണം നടത്തുന്നത്.

എ​ക്സൈ​സ് സം​ഘം ഗു​വാഹത്തി​യി​ലേ​ക്ക്

കൊല്ലങ്കോട്: ഗുവാഹത്തിയിൽ അന്തർ സംസ്ഥാന കഞ്ചാവ് കേസ് പ്രതികൾ പിടിയിലായതിനെ തുടർന്ന് പാലക്കാട്ടെ എക്സൈസ് സംഘം ഗുവാഹത്തിയിലേക്ക് പോകുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ ടി.എൻ. സുധീർ പറഞ്ഞു. കൊല്ലങ്കോട് പോസ്റ്റ് ഓഫിസിൽ പാർസൽ വഴി കഞ്ചാവ് എത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണ് അന്തർ സംസ്ഥാന ലഹരി സംഘത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഗുവാഹത്തി വിമാനത്താവളത്തിൽ പിടിയിലായവർക്ക് പുറമെ ഒരു വനിതയെയും അസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് കേരളത്തിലേക്ക് കഞ്ചാവ് പാർസൽ അയച്ചതുമായി ബന്ധമുണ്ടെന്നും വിശദ വിവരങ്ങൾ അറിയാനും അന്വേഷണം ശക്തമാക്കാനുമാണ് എക്സൈസ് സംഘം ഗുവാഹത്തിയിലേക്ക് പോകുന്നതെന്നും ടി.എൻ. സുധീർ പറഞ്ഞു.

ഒഡിഷയിൽനിന്ന് പാർസലായി കഞ്ചാവെത്തിച്ച യുവാവ് അറസ്റ്റിൽ

യാ​സ​ർ

പാലക്കാട്: ഒഡിഷയിൽനിന്ന് തപാൽ മാർഗം പാർസലായി കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തുകയായിരുന്ന യുവാവ് അറസ്റ്റിൽ. നൂറണി ചടനാംകുറിശ്ശി അഫിയാസ് മൻസിലിൽ യാസർ (28) ആണ് ടൗൺ സൗത്ത് പൊലീസിന്‍റെ പിടിയിലായത്. കൽമണ്ഡപത്ത് ബാർബർ ഷോപ്പ് നടത്തുകയാണ് യാസർ. ഷോപ്പിലെത്തുന്ന ആവശ്യക്കാർക്ക് ആരും സംശയിക്കാത്ത രീതിയിലാണ് കച്ചവടം നടത്തിയിരുന്നത്.

ഡാൻസാഫും സൗത്ത് പൊ ലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പാർസലായി എത്തിയ അര കിലോ കഞ്ചാവാണ് പിടികൂടിയത്. ഇയാൾക്ക് ഒഡിഷയിൽനിന്ന് നേരത്തെ പലതവണ സമാന രീതിയിൽ തപാൽ വഴി കഞ്ചാവ് എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒഡിഷയിൽനിന്ന് പാർസൽ വരുന്നതിൽ സംശയം തോന്നിയ തപാൽ വകുപ്പ് പൊലീസിനെ അറിയിക്കുകയായിരുന്നു.

ലഹരിക്കെതിരെ ഒറ്റക്കെട്ട് -മതസൗഹാര്‍ദ യോഗം

പാലക്കാട്: ജില്ലയില്‍ ലഹരിക്കെതിരെയുള്ള സർക്കാർ നടപടികളിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് മതസൗഹാര്‍ദ യോഗം. മതസ്പർധ വളര്‍ത്തുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് നിയന്ത്രണം വേണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ക്രമസമാധാനപാലനത്തിന് ശക്തമായ പൊലീസ് സംവിധാനം, ലഹരിക്കെതിരെയുള്ള ഓപറേഷന്‍ തൂഫാന്‍, എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തുന്ന ബോധവത്കരണ പരിപാടികള്‍ എന്നിവ കൃത്യമായി നടക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എ. അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. വിജയകുമാര്‍, ആര്‍.ഡി.ഒ കെ. ദേവകി, വിവിധ രാഷ്ട്രീയ-മത-സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
TAGS:kollengode post office ganja Parcel accused Guwahati arrested 
News Summary - കൊല്ലങ്കോട് പോസ്റ്റ്‌ ഓഫിസിലേക്ക് കഞ്ചാവ് പാർസൽ ചെയ്ത പ്രതികൾ ഗുവാഹത്തിയിൽ അറസ്റ്റിൽ
Next Story