പെരിങ്ങോട്ട് സ്വകാര്യ ബസ് മറിഞ്ഞു; 17 പേർക്ക് പരിക്ക്
text_fieldsകോങ്ങാട്: തൂത-മുണ്ടൂർ സംസ്ഥാന പാതയിൽ അന്തർ സംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് 17 യാത്രക്കാർക്ക് പരിക്ക്. പാറശ്ശേരി മൂകാംബിക ക്ഷേത്രത്തിനടുത്ത് പെരിങ്ങോടാണ് അപകടം. നിറയെ യാത്രക്കാരുമായി വന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി 11ഓടെയാണ് സംഭവം. ബസ് അര മണിക്കൂറിനകം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ബസ്സിനടിയിൽപ്പെട്ട യാത്രക്കാരെ ഉടനടി പുറത്തെടുത്ത് മണ്ണാർക്കാട്ടെയും പാലക്കാട്ടെയും ആശുപത്രികളിൽ എത്തിച്ചു. അഗ്നിരക്ഷ സേനയുടെ സാന്നിധ്യവും അവസരോചിതമായ ഇടപെടലും രക്ഷാപ്രവർത്തം ഫലപ്രദമാക്കി.
ഞായറാഴ്ച രാത്രി 10.40നാണ് അപകടം. കോഴിക്കോട്-ചെന്നൈ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്പ്പെട്ടത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. നിസ്സാര പരിക്കുള്ളവർക്ക് കോങ്ങാട് ക്ലിനിക്കിൽ പ്രഥമ ശുശ്രൂഷ നൽകി. അഞ്ച് പേരെ മണ്ണാർക്കാട്ടെയും പാലക്കാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന സ്ഥലം ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണ്. അഗ്നിരക്ഷസേന വെളിച്ച സൗകര്യമൊരുക്കി നേരം പുലരും വരെ ക്യാമ്പ് ചെയ്ത് മറ്റ് അപകടങ്ങൾ ഒഴിവാക്കി. സംസ്ഥാനപാത നവീകരണത്തിന് പിറകെ കൊടുംവളവുകൾ നിവർത്തണമെന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെയും തദ്ദേശവാസികളുടെയും ആവശ്യം അധികൃതർ അവഗണിച്ച മട്ടാണ്. മൂന്ന് തവണ ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധി - ഉദ്യോഗസ്ഥ സംഘം പെരിങ്ങോടിനും പാറശ്ശേരിക്കും ഇടയിൽ സർവേ നടത്തിയിരുന്നു. സ്ഥലം നഷ്ടപരിഹാര തുക നൽകി ഏറ്റെടുക്കാനാവില്ലെന്ന നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നു അധികൃതർ.
മാസങ്ങൾക്ക് മുമ്പ് യാത്രക്കാരി ഓടിച്ച സ്കൂട്ടർ മറിഞ്ഞ് ഗുരുതര പരിക്കേറ്റിരുന്നു. കോങ്ങാട് വിത്ത് ഫാമിനും പതിനാറാം മൈൽ സബ് രജിസ്ട്രാർ ഓഫിസിനും ഇടയിൽ പ്രതിവർഷം 35 അപകടങ്ങൾ ഉണ്ടാവാറുണ്ട്. 25 പേർക്ക് പരിക്കേൽക്കുന്നു. എട്ട് മാസങ്ങൾക്ക് മുമ്പ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ തെന്നിമറിഞ്ഞ് വീട്ടമ്മ മരിച്ചതും ഇതേ മേഖലയിലാണ്. അപകടങ്ങൾ ആവർത്തിക്കുമ്പോഴും അറുതി വരുത്താൻ അധികൃതർ നടപടി കൈക്കൊള്ളുന്നുമില്ല.