പണിതീരാറായിട്ടും തലവേദനയായി വെള്ളക്കെട്ട്
text_fieldsകോങ്ങാട് കടകളിൽ വെള്ളം കയറിയ നിലയിൽ
കോങ്ങാട്: തൂത-മുണ്ടൂർ പാതയുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും കനത്ത മഴ പെയ്താൽ മുണ്ടൂർ, കോങ്ങാട് പഞ്ചായത്ത് പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ച് കയറുന്ന അവസ്ഥക്ക് ഇനിയും മാറ്റമില്ല. കാനകളുടനീളം മാലിന്യം നിറഞ്ഞ് അടഞ്ഞു. പ്രധാന പാതയുടെ ലിങ്ക് റോഡുകളിലേക്കാണ് നല്ല മഴ പെയ്താൽ അഴുക്ക് കലർന്ന വെള്ളം ഒഴുകിയെത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി കോങ്ങാട് ടൗണിന് വടക്ക് വശത്തുള്ള കടകളിൽ മുട്ടോളം വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികൾ പരാതിപ്പെട്ടു. കനറ ബാങ്ക് പരിസരത്തെ കടകളിലാണ് കൂടുതൽ നഷ്ടം ഉണ്ടായിട്ടുള്ളത്. പെരിഞ്ഞാമ്പാടത്തുനിന്ന് ഒഴുകിവന്ന മഴവെള്ളം റോഡിൽ നിറഞ്ഞ് കടകളിലെത്തുകയായിരുന്നു.
അതേ സമയം, മഴ കനത്താൽ പൊരിഞ്ഞാമ്പാടത്തിനോട് ചേർന്ന് കോങ്ങാട് ടൗണിലെ വെള്ളക്കെട്ട് പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് വർഷം മുമ്പ് പ്രശ്നം രൂക്ഷമായപ്പോൾ കോങ്ങാട് പഞ്ചായത്ത് പുതുതായി ഓവുചാൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ചാലുകളിൽ പാഴ്വസ്തുക്കൾ നിറഞ്ഞതാണ് ഒഴുക്കിന് തടസ്സമായതെന്ന് റോഡ് നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത്. വെള്ളക്കെട്ട് പ്രശ്നം പഠിച്ച് പരിഹരിക്കുമെന്ന് കെ.എസ്.ടി.പി എൻജിനീയർ മാധ്യമത്തോട് പറഞ്ഞു.