നിറകണ്ണുകളോടെ വിട
text_fieldsകോങ്ങാട്: കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് യുവാക്കൾക്ക് നാട് തേങ്ങലോടെ വിട നൽകി. പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ അഞ്ച് ആംബുലൻസുകളിലായി ബുധനാഴ്ച രാവിലെ കോങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ നാടും നഗരവും കൈവഴികളായി എത്തിയ ആയിരക്കണക്കിന് പേർ നിറകണ്ണുകളോടെ വരിയായി അണിനിരന്നു.
പൊതുദർശനത്തിന് പ്രത്യേക ക്രമീകരണങ്ങളും പന്തലും ഒരുക്കി. പൊതുദർശനം ഉച്ചക്ക് ഒന്ന് വരെ നീണ്ടു. നാടിന്റെ നാനാതുറകളിൽപ്പെട്ട സാമുഹിക രാഷ്ട്രീയ സംസ്കാരിക പ്രവർത്തകരും പൗരപ്രമുഖരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു.
കെ. ശാന്തകുമാരി എം.എൽ.എ, വി.കെ. ശ്രീകണ്ഠൻ എം.പി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ, കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത്, വൈസ് പ്രസിഡന്റ് എം.പി. ബിന്ദു, കോങ്ങാട് ബ്ലോക്ക് മുൻ കോൺഗ്രസ് പ്രസിഡന്റ് സി.എൻ. ശിവദാസൻ, പി.എ. ഗോകുൽദാസ്, സി.ആർ. സജീവൻ, എം.എസ്. ദേവദാസ്, എസ്.പി. ജയദേവൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.