കോങ്ങാട്ട് ദേവസ്വം പറമ്പിൽ അത്യാധുനിക സ്റ്റേഡിയം സർവേ പൂർത്തിയായി
text_fieldsകോങ്ങാട് ദേവസ്വം പറമ്പ് മൈതാനിയിൽ സ്റ്റേഡിയം നിർമിക്കുന്നതിന്റെ ഭാഗമായി
കെൽ ഉദ്യോഗസ്ഥർ സർവേ നടത്തുന്നു
കോങ്ങാട്: ഗ്രാമപഞ്ചായത്ത് മൈതാനത്തിന്റെ മുഖച്ഛായ മാറുന്നു. ആധുനിക രീതിയിൽ ബഹുമുഖ സ്റ്റേഡിയം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കോങ്ങാട് ദേവസ്വം പറമ്പിലെ ഗ്രൗണ്ടിൽ സർവേ പൂർത്തിയാക്കി. സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് പരിഗണിച്ച് അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമിക്കാൻ സ്ഥലം സർവേ നടത്തിയ പാലക്കാട്ടെ കെൽ എൻജിനീയറിങ് വിങ് പ്രത്യേക പ്രോജക്ട് എസ്റ്റിമേറ്റ് തയാറാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും.
പദ്ധതി എസ്റ്റിമേറ്റ് ഔദ്യോഗിക തലത്തിൽ അംഗീകരിക്കുന്ന മുറക്ക് പുതുവർഷത്തിന് മുമ്പ് സ്റ്റേഡിയം നിർമാണം ആരംഭിക്കാനാണ് സാധ്യത. ഫുട്ബാൾ കോർട്ട്, ബാസ്കറ്റ് ബാൾ കോർട്ട്, വനിത-പുരുഷ ഡ്രസിങ് റൂമുകൾ, രണ്ട് ടോയ്ലറ്റ് കെട്ടിടം, മീറ്റിങ് ഹാൾ, ഓഫിസ് എന്നിവ ഉൾപ്പെടുന്നതാണ് ആധുനിക സ്റ്റേഡിയം. കെൽ എൻജിനീയർമാർക്കൊപ്പം കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്കുമാർ, എസ്.പി. ജയദേവൻ എന്നിവർ അനുഗമിച്ചു.