മുണ്ടൂർ-തൂത പാത നവീകരണം പുനരാരംഭിച്ചു
text_fieldsമുണ്ടൂർ-തൂത പാത നിർമാണ സ്ഥലം കെ. ശാന്തകുമാരി എം.എൽ.എയും ഉദ്യോഗസ്ഥരും
പരിശോധിക്കുന്നു
കോങ്ങാട്: മുണ്ടൂർ-തൂത പാതയുടെ ബാക്കിവെച്ച നവീകരണ പ്രവൃത്തി പുനരാരംഭിച്ചു. പാതയുടെ നവീകരണം ഇഴയുന്നത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കെ. ശാന്തകുമാരി എം.എൽ.എ കോങ്ങാട്ടെ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തികൾ വിലയിരുത്താൻ സ്ഥലം സന്ദർശിച്ചു. മഴക്കാലത്ത് നിർത്തിവെച്ച പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്കും കരാർ ഏറ്റെടുത്ത കമ്പനി പ്രതിനിധികൾക്കും എം.എൽ.എ നിർദേശം നൽകി.
കോങ്ങാട്ടും പരിസര പ്രദേശങ്ങളിലും മെറ്റലിട്ട സ്ഥലങ്ങളിൽ ഉപരിതലം പുതുക്കി ടാറിങ് നടത്തുന്ന പ്രവൃത്തി വൈകാതെ ആരംഭിക്കുമെന്ന് കെ.എസ്.ടി.പി.എഞ്ചിനിയറിങ് വിങ് ഉറപ്പ് നൽകിയതായി എം.എൽ.എ.പറഞ്ഞു. കെ. ശാന്തകുമാരി എം.എൽ.എക്കൊപ്പം സി.പി.എം മുണ്ടൂർ ഏരിയ സെക്രട്ടറി സി.ആർ. സജീവ് അടക്കമുള്ള പ്രാദേശിക നേതാക്കളുമുണ്ടായിരുന്നു.
മൂന്ന് മാസം മുമ്പ് പൊടിശല്യം കാരണം റോഡ് പണി വൈകുന്നതിൽ വ്യാപാരികൾ ഉൾപ്പെടെയുള്ള നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. റോഡ് നവീകരണം ത്വരിതപ്പെടുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ സത്വര നടപടി സ്വീകരിക്കണമെന്ന് തദ്ദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു. മഴക്കാലമുൾപ്പെടെയുള്ള പ്രതികൂല സാഹചര്യം മൂലമാണ് റോഡ് പണി ഇടക്കാലത്ത് നിർത്തിവെക്കാനിടയായതെന്ന് കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധി എം.എൽ.എയെ അറിയിച്ചു.