മുണ്ടൂർ-തൂത പാതയിൽ വഴിനീളെ വളവുകൾ
text_fieldsമുണ്ടൂർ-തൂത സംസ്ഥാന പാതയിലെ സൂചന ബോർഡില്ലാത്ത പതിനാറാം മൈൽ വളവ്
കോങ്ങാട്: വഴിനീളെ വളവുകളുള്ള മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ അപകടം പതിവായിട്ടും ആവശ്യത്തിന് പോലും സുരക്ഷാക്രമീകരണങ്ങളൊരുക്കാത്തത് വിനയാവുന്നു. ചെർപ്പുളശേരി-മുണ്ടൂർ പാതയുടെ ശോച്യാവസ്ഥക്ക് കാൽനൂറ്റാണ്ട് പഴക്കമുണ്ട്. കോങ്ങാട്, ഷൊർണൂർ, ഒറ്റപ്പാലം നിയമസഭ മണ്ഡലങ്ങളിലെ ഒരു നഗരസഭാ പ്രദേശത്തെയും ഏഴ് ഗ്രാമപഞ്ചായത്തുകളിലെ നഗര, ഗ്രാമപ്രദേശങ്ങളെയും കോർത്തിണക്കുന്ന ഈ പാത മൂന്ന് പതിറ്റാണ്ടിനിടയിൽ നാല് തവണ മാത്രമാണ് നല്ല രീതിയിൽ പുനരുദ്ധാരണ പ്രവൃത്തി നടത്തിയത്.
ഭാഗികമായ അറ്റകുറ്റപണികളും അശാസ്ത്രീയമായ നിർമാണവും റോഡിന്റെ ദുരവസ്ഥക്ക് ആക്കം കൂട്ടി. പാലക്കാട്ടുനിന്ന് കല്ലടിക്കോട്ട്, മണ്ണാർക്കാട് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായും ആശുപത്രി നഗരമായ പെരിന്തൽമണ്ണ ഭാഗത്തേക്ക് കൂടുതൽ തടസ്സങ്ങളില്ലാതെ പോകാൻ പറ്റുന്ന പ്രധാന പാതയായുമാണ് മുണ്ടൂർ-തൂത സംസ്ഥാനപാത വീതി കൂട്ടി ദേശീയപാത നിലവാരത്തിൽ നിർമിക്കാൻ പദ്ധതി ആവിഷ്കരിച്ചത്.
നിർമാണം ആരംഭിച്ച് രണ്ടര വർഷം പിന്നിട്ടിട്ടും ഇഴഞ്ഞുതന്നെ നീങ്ങുകയാണ്. ഡിസംബർ ഒന്നിനകം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ പണി ഏറ്റെടുത്ത കെ.എസ്.ടി.പിക്ക് കീഴിലുള്ള കരാർ കമ്പനിക്ക് നിർദേശം നൽകിയത്. 15ൽ പരം പ്രധാന കവലകളിൽ മൂന്ന് മുതൽ അഞ്ച് വരെ കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നവീകരണം പൂർത്തിയാക്കിയിട്ടില്ല.
അഴിയന്നൂർ, പതിനാറാം മൈൽ, പാറശ്ശേരി, കൊട്ടശ്ശേരി, വിത്ത് ഫാം, ചല്ലിക്കൽ, മുണ്ടൂർ എന്നിവിടങ്ങളിൽ വീതി കൂട്ടി നിർമിച്ച പാതയുടെ ഭാഗം മെറ്റൽ വിതാനിച്ചിട്ട് ആറ് മാസം പിന്നിട്ടിട്ടും പാതയിലുടനീളം മെറ്റൽ പരന്ന് കിടക്കുകയാണ്. ഇത് ഇരുചക്രവാഹനങ്ങളും വലിയ വാഹനങ്ങളും അപകടത്തിൽപ്പെടാൻ വഴിയൊരുക്കുന്നു. മുണ്ടൂർ എം.ഇ.എസ് ഐ.ടി.ഐ, എഴക്കാട്, ചല്ലിക്കൽ, വിത്ത് ഫാം, പാറശ്ശേരി, കൊട്ടശ്ശേരി, പതിനാറാം മൈൽ, പെരിങ്ങോട് എന്നിവിടങ്ങളിലെ പ്രധാന വളവുകളിൽ അപകടങ്ങൾ കൂടി. ഈ സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകളുമില്ല. പ്രധാന ജങ്ഷനുകളിൽ എ.ഐ കാമറകൾ, വഴിവിളക്കുകൾ, സൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യവും പ്രാവർത്തികമായിട്ടില്ല.
രണ്ട് മാസത്തിനകം തിരുവാഴിയോട് പരിസരം, പെരിങ്ങോട് എന്നിവിടങ്ങളിൽ മൂന്ന് ടൂറിസ്റ്റ് ബസുകൾ മറിഞ്ഞു. രണ്ട് പേർ മരിച്ചു. പരിക്കേറ്റത് 42 പേർക്ക്. കൂടാതെ പെരിങ്ങോട്, ചല്ലിക്കൽ എന്നിവിടങ്ങളിൽ രാത്രികളിൽ ഉണ്ടായ വാഹന അപകടങ്ങളിൽ ആറ് മാസത്തിനകം നാല് പേർ മരിച്ചു. എന്നിട്ടും പാത നവീകരണം പൂർത്തിയാക്കാനോ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാനോ അധികൃതർ ഒന്നും ചെയ്തിട്ടില്ല.