സ്വർണാഭരണവും പണവുമടങ്ങിയ പഴ്സ് തിരികെ നൽകി മാതൃകയായി
text_fieldsകോങ്ങാട്ടെ തുണിക്കടയിൽനിന്ന് ലഭിച്ച സ്വർണവും
പണവുമടങ്ങിയ പഴ്സ് കെ.എസ്. സരിത, വി. ദീപ
എന്നിവർ ചേർന്ന് ഉടമ എസ്. കൃഷ്ണപ്രിയക്ക് കൈമാറുന്നു
കോങ്ങാട്: വസ്ത്രം വാങ്ങാൻ തുണിക്കടയിലെത്തി ചെന്നൈയിൽ താമസിക്കുന്ന മലയാളി എസ്. കൃഷ്ണപ്രിയ മറന്ന് വെച്ച സ്വർണാഭരണവും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് തിരിച്ച് നൽകി കോങ്ങാട് റെയിൻബോ സെന്ററിലെ ജീവനക്കാരായ വി. ദീപ, കെ.എസ്. സരിത, കെ.പി. കൗലത്ത്, എസ്. ജയകൃഷ്ണൻ എന്നിവർ മാതൃകയായി. കുണ്ടുവംപാടത്തെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കൃഷ്ണപ്രിയ കോങ്ങാട്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കടയിൽ വസ്ത്രം വാങ്ങാനെത്തിയത്. വസ്ത്രം വാങ്ങി പോകുമ്പോൾ പഴ്സ് എടുക്കാൻ മറന്നു. തുണികൾ മടക്കിവെക്കുന്നതിനിടയിലാണ് പഴ്സ് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം ജീവനക്കാർ ഉടമയോട് പറഞ്ഞു. കടയുടമ കെ.പി. ഗോപികുമാർ പൊലീസിൽ വിവരമറിയിച്ചു. കൃഷ്ണപ്രിയ സ്റ്റേഷനിലെത്തി എ.എസ്.ഐ ജയിംസ് ജോൺ, സി.പി.ഒ കെ. പ്രവീൺ എന്നിവരുടെ സാന്നിധ്യത്തിൽ കെ.എസ്. സരിത, വി. ദീപ എന്നിവർ ചേർന്ന് ഉടമക്ക് പഴ്സ് കൈമാറി.


