ലഹരിക്കടത്ത്: മുഖ്യപ്രതി വയനാട്ടിൽ പിടിയിൽ
text_fieldsജാസിര്
കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ നരിമടയിൽ വീട് വാടകക്കെടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. വടക്കേക്കാട് സ്വദേശി ജാസിറാണ് (29) വയനാട് വെച്ച് പിടിയിലായത്. ആഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം.
നരിമട പ്രദേശത്ത് വീട് വാടകക്കെടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 70 ഗ്രാം എം.ഡി.എം.എയും 3750 പാക്കറ്റ് ഹാൻസും കണ്ടെടുക്കുകയും രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിലെ മുഖ്യപ്രതി ജാസിറാണെന്ന് പൊലീസിന് മനസ്സിലായത്.
വീട് വാടകക്ക് എടുത്തതും ഉൽപന്നങ്ങള് വീട്ടിലെത്തിച്ചിരുന്നതും ജാസിറായിരുന്നു. വീട്ടിൽവെച്ച് ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് വിൽപന നടത്തുകയായിരുന്നു ഇവരുടെ പണി. കൂട്ടാളികൾ പിടിയിലായതായി അറിഞ്ഞ ജാസിർ ഒളിവിലായിരുന്നു. കോയമ്പത്തൂർ, ആനക്കട്ടി ഭാഗങ്ങളിൽ ഉണ്ടെന്ന് വിവരം ലഭിച്ചത് പ്രകാരം എത്തിയ പൊലീസിനെ കണ്ട പ്രതി ഓടിച്ചിരുന്ന കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. എസ്.ഐ ശ്രീലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് വയനാട് എത്തി സുൽത്താൻ ബത്തേരി പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നേരത്തെ കുന്നംകുളം സ്റ്റേഷനിൽ മയക്കുമരുന്ന് കേസിൽ പിടിയിലായതോടെ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി സഹോദരൻ റസലിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് അതിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്.
പ്രസ്തുത അക്കൗണ്ടിലൂടെ ചുരുങ്ങിയ കാലയളവിൽ കാൽക്കോടിയോളം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തിയ പൊലീസ് പ്രസ്തുത അക്കൗണ്ട് മരവിപ്പിക്കാൻ നടപടി സ്വീകരിക്കുകയും അക്കൗണ്ട് ഉടമ റസലിനെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ചാലിശ്ശേരി എസ്.എച്ച്.ഒ എം. മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ ചാലിശ്ശേരി എസ്.ഐ ശ്രീലാൽ, എ.എസ്.ഐ റഷീദ്, സ്ക്വാഡ് അംഗങ്ങളായ എസ്.പി.ഒമാരായ നൗഷാദ്ഖാൻ, സജിത്ത്, സൻജിത്ത്, കമൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


