പെൺകരുത്തിന്റെ ഉദയം; 2000 സംരംഭങ്ങളുടെ പ്രഖ്യാപനവുമായി കുടുംബശ്രീ മിഷൻ
text_fieldsകൂറ്റനാട്: ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തൃത്താല ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി 2000 പുതിയ സംരംഭങ്ങളുടെ പ്രഖ്യാപനവും സംരംഭക സംഗമവും നടന്നു. കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ ബ്രാൻഡായ കുടുംബശ്രീ ഇനം (കെ-ഇനം), പറമ്പിക്കുളം-വണ്ടാഴി മേഖലയിലെ ഗോത്രവർഗ സ്ത്രീകൾ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന വസ്ത്ര ബ്രാൻഡായ ‘ട്രൈബാന്റ്’ എന്നിവയുടെ ജില്ലതല ലോഞ്ചും മന്ത്രി നിർവഹിച്ചു.
നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഡോ. ടി.വി നിഷ അധ്യക്ഷത വഹിച്ചു. അസി. ജില്ല മിഷൻ കോ ഓഡിനേറ്റർ പി.ബി സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീ സംസ്‌ഥാന മിഷൻ അഗ്രി പ്രോഗ്രാം ഓഫിസർ ഡോ. എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. ഏഴ് സി.ഡി.എസുകളിൽ നിന്നുള്ള മികച്ച സംരംഭകരെ ആദരിച്ചു.
മാറുന്ന വിപണിക്കനുസരിച്ച് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംരംഭങ്ങൾ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി വിശദീകരിച്ചു. പതിമുഖത്തിൽ നിന്ന് വേർതിരിച്ചെടുത്ത നിറമുപയോഗിച്ച് ഡൈ ചെയ്തെടുത്ത ഷർട്ട് ട്രൈബാൻഡ് മന്ത്രിക്ക് സമ്മാനിച്ചു.
അസി. ജില്ല മിഷൻ കോഓഡിനേറ്റർ എസ്. അനുരാധ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ലത സൽഗുണൻ, ലീന രവി, ബി.എന്‍.എസ്.ഇ.പി അംഗങ്ങളായ സൗമ്യ സതീശൻ, സുജാത മനോഹർ, സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. ഉണ്ണികൃഷ്‌ണൻ സ്വാഗതവും തൃത്താല ബ്ലോക്ക് മെന്റർ രജനി നന്ദിയും പറഞ്ഞു.


