മണ്ണെടുപ്പ്: പിലാക്കാട്ടിരി കള്ളിക്കുന്ന് ഭീഷണിയില്‍
text_fieldsപിലാക്കാട്ടിരിയിലെ മണ്ണെടുക്കുന്ന കള്ളിക്കുന്ന്
കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിലെ പിലാക്കാട്ടിരി കള്ളിക്കുന്ന് മണ്ണെടുപ്പ് ഭീഷണിയില്‍. എസ്.സി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിന് ഭീഷണി സൃഷ്ടിക്കുംവിധം കുന്നിടിച്ച് മണ്ണും പാറയും ഖനനം ചെയ്യുന്നതിനെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുന്നിടിച്ച് മാനദണ്ഡങ്ങൾ മറികടന്നാണ് മണ്ണും പാറയും ഖനനം ചെയ്ത് കടത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട 20ൽ പരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
വേനലിൽ കുടിവെള്ള ക്ഷാമവും വർഷക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്ന പ്രദേശവാസികൾ അതിജീവന പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ്.
പിലാക്കാട്ടിരി-പെരിങ്ങോട് റോഡ്, വാവനൂർ-കറുകപുത്തൂർ റോഡ്, പെരുമ്പിലാവ്-പട്ടാമ്പി റോഡ് എന്നിവക്കും കുന്നിടിച്ചുള്ള ഖനനം ഭീഷണിയാകുമെന്ന സാധ്യതയും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലേജ് ഓഫിസർസ ജില്ല കലക്ടർ, പഞ്ചായത്ത്, പൊലീസ് അധികാരികൾ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
അധികൃതർ അനാസ്ഥ തുടരുകയാണെങ്കിൽ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് വാർത്തസമ്മേളനത്തിൽ വി.ബി. മുരളീധരൻ, പി.വി. ബാലകൃഷ്ണൻ, കെ. സുനിൽ, കെ. സരസ്വതി, വി.പി. തങ്കമണി എന്നിവർ പറഞ്ഞു.