മുട്ടിപ്പാലം ഇനി പഴങ്കഥ; കര്‍ഷക സ്വപ്നപദ്ധതിക്ക് പച്ചക്കൊടി
text_fieldsപഴയകാല മുട്ടിപ്പാലം
കൂറ്റനാട്: ഗ്രാമീണ ജീവീതത്തിൽ നിർണായക പങ്കുവഹിച്ച മുട്ടിപ്പാലം ഇനി ജനമനസ്സുകളില്‍ മാത്രം. ആധുനികസൗകര്യത്തോടെ പുതിയ കോൺക്രീറ്റ് പാലം വരുന്നതോടെയാണ് പഴയകാലത്തെ മുട്ടിപ്പാലം വഴിമാറുന്നത്.
1960കളിലാണ് വഴിയാത്രക്കും ജലസേചനത്തിനും ദേശങ്ങളെ ഒന്നിപ്പിക്കാനുമായി പനയും തെങ്ങും ഉൾപ്പെടെ തടികള്‍ കൊണ്ട് പാലം നിർമിച്ചത്. 61ലാണ് നിർമാണം ഏതാണ്ട് പൂര്‍ത്തിയായത്. തടി കൊണ്ടുള്ളതായതിനാല്‍ മുട്ടിപ്പാലമെന്ന പേരും വന്നു. കടവല്ലൂർ, ചാലിശ്ശേരി പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗവും നെൽകൃഷിക്ക് ജലസേചനം നടത്തിയിരുന്നതുമാണിത്.
ഒറ്റപ്പിലാവിലെ ഗ്രാമീണർക്ക് ചാലിശ്ശേരി ഹൈസ്കൂളിലേക്കും പള്ളി സ്കൂളിലേക്കും അങ്ങാടിയിലേക്കും മുട്ടിപ്പാലം കടന്ന് വരികയായിരുന്നു എളുപ്പം. പ്രധാന അടക്ക വിപണിയായ ചാലിശ്ശേരി അങ്ങാടിയിലേക്ക് അടക്കയുമായി വരുമ്പോൾ ചുമട് ഇറക്കി വക്കാനുള്ള അത്താണി കൂടിയായിരുന്നു മുട്ടിപ്പാലം. പാടശേഖരത്തിൽ ഏറ്റവും നന്നായി ജലമൊഴുകിയിരുന്ന തോട് കർഷകർക്ക് രണ്ടും മൂന്നും പൂവൽകൃഷിക്ക് സഹായമായിരുന്നു.
ഇടവപ്പാതി പിറന്നാൽ അഞ്ചുകള്ളി ഓവിലൂടെ ജലം നിറഞ്ഞൊഴുകുന്നത് കാണാൻ നിറയെ ആളുകൾ ഇവിടെ എത്തുമായിരുന്നു. മഴ കുറഞ്ഞാൽ തോടിനു മുകളിൽ സ്ഥാപിച്ച മരവും മെതികളും തോട്ടിലേക്കിറക്കി ചിറകെട്ടി തോടുവെള്ളം കൃഷിക്കായി സംഭരിച്ചു നിർത്തും.
മരത്തിന്റെയും പനയുടെയും മുട്ടികൾ ഇതിനായി കർഷകർ ഉപയോഗിച്ചിരുന്നു. പുതിയ പാലം വന്നപ്പോൾ പാലത്തിന് മുട്ടിപ്പാലം എന്ന പേരുമായി. മുട്ടിപ്പാലത്തിന്റെ സ്ഥലത്ത് പുതിയ റഗുലേറ്റർ കം ബ്രിഡ്ജ്, തോട് നവീകരണത്തോടെ ഇരുവശങ്ങളിലും യാത്രാസൗകര്യം, പാലക്കാടൻ കരിമ്പനകൾ തുടങ്ങി ഏറ്റവും ആകർഷകമായ രീതിയിലാണ് മുട്ടിപ്പാല നവീകരണം ഉണ്ടാകുകയെന്ന് വാർഡ് അംഗം ഫസലുറഹ്മാൻ പറഞ്ഞു. പുതിയ പാലത്തിൽ ജലസംഭരണ ശേഷി വർധിപ്പിക്കുന്നതിലൂടെ കടവല്ലൂർ, ചാലിശ്ശേരി പഞ്ചായത്ത് അതിർത്തിയിലെ നെൽ കർഷകർക്ക് മുട്ടിപ്പാലം വലിയ അനുഗ്രഹമാകും.