തുടികൊട്ടിൻ താളവും പാട്ടുമില്ലാതെ തിരുവാതിര
text_fieldsകൂറ്റനാട്: ഗതകാലസ്മരണകളെ ഉണര്‍ത്തി വീണ്ടുമൊരു തിരുവാതിര വിരുന്നെത്തുമ്പോഴും ആഘോഷത്തിന് മുന്നോടിയായുണ്ടായിരുന്ന തുടികൊട്ടും പാട്ടും വിസ്മൃതിയിലാണ്ടു. തിങ്കളാഴ്ചയാണ് തിരുവാതിര. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരാഴ്ച മുമ്പുതന്നെ തിരുവാതിര കുളി പതിവായിരുന്നു.
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനും മക്കളുടെ ഐശ്വര്യത്തിനുമായും അവിവാഹിതകൾ ഉത്തമ വിവാഹത്തിനായും തിരുവാതിര വ്രതം എടുക്കുന്നു. പാർവതി ദേവിയെ സ്തുതിച്ചു കൊണ്ടു സൂര്യോദയത്തിനു മുമ്പ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കും. പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. തിരുവാതിരതലേന്ന് പാതിരാപൂ ചൂടുന്ന സമ്പ്രദായവും നിലനിന്നിരുന്നു.
തുടര്‍ന്ന് നൊയമ്പ് നോൽക്കൽ, നാമജപം, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ, ശിവക്ഷേത്ര ദർശനം എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. ശിവപാർവതി പ്രധാനമായ ക്ഷേത്രങ്ങളിൽ ഉത്സവം, തിരുവാതിരക്കളി, ഉമാമഹേശ്വര പൂജ, മറ്റു വിശേഷാൽ പൂജകൾ, പൊങ്കാല എന്നിവയൊക്കെ ഈ അവസരത്തിൽ നടക്കാറുണ്ട്. രേവതി നാൾ മുതൽ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ശിവപാർവതി ക്ഷേത്ര ദർശനവും നടത്തുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.