ഇന്ന് അന്താരാഷ്ട്ര ചായദിനം; പ്രകാശന്, ചാലിശേരിയുടെ സ്വന്തം ചായ് വാല
text_fieldsചാലിശ്ശേരിയിൽ ചായക്കച്ചവടം നടത്തുന്ന പ്രകാശൻ
കൂറ്റനാട്: ഇന്ന് മറ്റൊരു അന്താരാഷ്ട്ര ചായ ദിനംകൂടി ആഘോഷിക്കുമ്പോൾ, ചാലിശ്ശേരിയിലെ കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന 63കാരന്റെ ജീവിതത്തിനുമുണ്ട് ചായയുടെ മധുരവും കടുപ്പവും. പാലും വെള്ളവും തേയിലയും പഞ്ചസാരയും ചേർന്നുണ്ടാക്കുന്ന ആ അസുലഭ രുചിക്കൊപ്പം പ്രകാശന്റെ സ്നേഹം കൂടി ചേരുന്നതിനാൽ ആ ചായക്ക് സ്വാദേറെ.
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം നാലുചക്ര വാഹനത്തിൽ പ്രവർത്തിക്കുന്ന പ്രകാശന്റെ ചെറിയ ചായക്കടക്ക് 33 വർഷത്തിന്റെ പഴമയുണ്ട്. പ്രതിദിനം നൂറുകണക്കിന് ആളുകളാണ് പ്രകാശന്റെ ചായ കുടിക്കാനായി ഇവിടെ എത്തുന്നത്. ചൂടൻ ചായക്കൊപ്പം ലഭിക്കുന്ന പരിപ്പ് വടയും ഉള്ളിവടയും നാട്ടുകാർക്ക് ഏറെ പ്രിയം. വിപണിയിൽ ലഭിക്കുന്ന മികച്ച പരിപ്പുപയോഗിച്ചാണ് വട തയാറാക്കുന്നതെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും എണ്ണ പലഹാരം വാങ്ങാൻ എത്തുന്നവർ ധാരാളം.
ചായയുടെ മധുരത്തിനൊപ്പം സ്നേഹവും നൽകണം എന്ന ലളിതമായ ജീവിതപാഠമാണ് അദ്ദേഹം വർഷങ്ങളായി പകർന്നുനൽകുന്നത്. ആദ്യകാലങ്ങളിൽ നാടൻ പണിക്കാരനായി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന പ്രകാശന് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. അതോടെയാണ് സ്കൂളിന് മുൻവശത്ത് ചായക്കട തുടങ്ങിയത്. ഇന്ന് ഈ ചായക്കട മനുഷ്യസ്‌നേഹത്തിന്റെ ചെറിയൊരു വിലാസമാണ്.
രാവിലെ ഏഴിന് തുടങ്ങുന്ന കച്ചവടം വൈകീട്ട് വരെ തുടരുന്ന പ്രകാശന്റെ ചായകുടിക്കാത്തവർ ചാലിശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമെല്ലാം വിരളമാണ്. അതേസമയം, ഗ്യാസിന് വില കൂടിയതും പുതുതലമുറ ന്യൂജൻ പലഹാരങ്ങളിലേക്ക് തിരിഞ്ഞതും കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. സുനിതയാണ് സഹധർമിണി. അഖിൽ, അഭിജിത്ത് എന്നിവർ മക്കളാണ്.


