ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും ഉപകരിക്കാതെ കോട്ടായി മിനി ബസ് സ്റ്റാൻഡ്
text_fieldsകോട്ടായിയിൽ മൂന്നു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത മിനി ബസ് സ്റ്റാൻഡ്
കോട്ടായി: കോട്ടായി സെൻററിൽ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി മൈനർ ഇറിഗേഷൻ കീഴിൽ ഒരു കോടി രൂപ ചെലവഴിച്ച് മലമ്പുഴ കനാലിന് മുകളിൽ നിർമിച്ച മിനി ബസ് സ്റ്റാൻഡ് ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും ബസുകൾ കയറാത്തതിനാൽ ഉപകാരമില്ലാത്ത അവസ്ഥ. ഫെബ്രുവരി 27ന് കെ. രാധാകൃഷ്ണൻ എം.പിയാണ് മിനി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. ഗതാഗതത്തിരക്കുള്ള കോട്ടായി സെന്ററിൽ ബസുകൾ ഇന്നും പാതയോരത്ത് തന്നെയാണ് നിറുത്തിയിടുന്നത്.
മിനി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ശുചിമുറി നിർമിക്കാത്തതിനാലും വെയിലും മഴയും കൊള്ളാതെ നിൽക്കാൻ സൗകര്യമില്ലാത്തതിനാലുമാണ് ബസുകൾ മിനി ബസ് സ്റ്റാൻഡിൽ കയറണമെന്ന് നിർബന്ധിക്കാത്തതെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. അതേസമയം കോട്ടായി സെന്ററിലെ ഗതാഗതക്കുരുക്ക് സ്കൂൾ തുറക്കുന്നതോടെ ഇരട്ടിയാകുമെന്നും കോടികൾ മുടക്കി മിനി ബസ് സ്റ്റാൻഡ് നിർമിച്ചിട്ട് ഒരു ഉപകാരവുമില്ലാത്ത അവസ്ഥയായെന്നും നാട്ടുകാർ പരാതിപ്പെടുന്നു.


