കുറഞ്ഞ ചെലവിൽ ഊട്ടിയിലേക്കും നെല്ലിയാമ്പതിയിലേക്കും യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി
text_fieldsപാലക്കാട്: അവധിക്കാലം ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മേയ് മാസ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. പാലക്കാട്ടുനിന്ന് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദയാത്രകൾ നടത്താനാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ അവസരമൊരുക്കിയിട്ടുള്ളത്. ഊട്ടി യാത്രയാണ് മേയിലെ ഹൈലൈറ്റ് യാത്രാ പാക്കേജ്. ഊട്ടിയിലേക്കുള്ള ഏകദിന യാത്രകൾ മേയ് എട്ട്, 14, 27, 31 തീയതികളിൽ പുലർച്ചെ 4.30ന് ആരംഭിക്കും. കൂടാതെ മെയ് 23ന് ഫ്ലവർ ഷോ സ്പെഷൽ പാക്കേജുമുണ്ട്.
പതിവുപോലെ നെല്ലിയാമ്പതിയിലേക്ക് മേയിലെ മിക്കവാറും എല്ലാ ദിവസങ്ങളിലും സർവിസ് ഉണ്ടാകും. നെല്ലിയാമ്പതിയിലേക്ക് രാവിലെ ഏഴിന് പുറപ്പെട്ട് വൈകുന്നേരം 6.30ഓടെ തിരിച്ചെത്തും. പോത്തുണ്ടി ഡാം, സീതാർകുണ്ട് വ്യൂ പോയിന്റ്, കേശവൻപാറ, ഗവ. ഓറഞ്ച് ഫാം എന്നിവ സന്ദർശിക്കാം. സൈലന്റ് വാലിയിലേക്ക് മേയ് ഒന്ന്, 10, 23, 28 തീയതികളിൽ രാവിലെ ആറിന് പുറപ്പെടും. മുക്കാലിയിൽ നിന്നുള്ള 40 കിലോമീറ്റർ ജംഗിൾ സഫാരിയും വനത്തിനുള്ളിലെ വിനോദസഞ്ചാരവും ഉൾപ്പെടുന്നു.
കൊച്ചിയിൽ നിന്നുള്ള ആഡംബര കപ്പൽ നെഫെർറ്റിറ്റി ക്രൂയിസ് യാത്രയുമുണ്ട്. ഭക്ഷണവും സംഗീത പരിപാടികളും ഉൾപ്പെട്ട ഏകദിന പാക്കേജാണിത്. ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ രാവിലെ ആറിന് ഗുരുവായൂർ ദർശനത്തിനായി സർവീസ് ലഭ്യമാണ്. ആലപ്പുഴ-കുട്ടനാട്, ഇലിക്കൽ കല്ല്, മട്ടാഞ്ചേരി/മെട്രോ വൈബ്സ്, വാഗമൺ, നിലമ്പൂർ, എന്നിവിടങ്ങളിലേക്കും മേയിൽ യാത്രയുണ്ട്. മേയ് ആറ്, ഏഴ്, 27 തീയതികളിൽ രാത്രി 10ന് പുറപ്പെടുന്ന ഒരുപകലും രണ്ട് രാത്രിയും നീണ്ടുനിൽക്കുന്ന പാക്കേജാണ് ഗവിയിലേക്കുള്ളത്. മൂന്നാർ-മാമലക്കണ്ടം യാത്ര മേയ് ഒമ്പത്, 23 തീയതികളിൽ പുറപ്പെടുന്ന പാക്കേജാണ്. മേയ് 25ന് പുറപ്പെടുന്ന നാല് ദിവസത്തെ ഗോവയാത്രയും പട്ടികയിലുണ്ട്. വിവരങ്ങൾക്കും ബുക്കിംഗിനും: 94478 37985, 94976 32426, 83048 59018.
ചിറ്റൂരിൽനിന്ന് ഗോവയിലേക്കും ഗവിയിലേക്കും പോകാം
പാലക്കാട്: ഗോവ, ഗവി, മൂന്നാർ തുടങ്ങി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് 35ഓളം ട്രിപ്പുകളാണ് മേയിൽ ചിറ്റൂർ ഡിപ്പോ പ്ലാൻ ചെയ്തിരിക്കുന്നത്. മേയ് 25ന് രാവിലെ 6.30ന് പുറപ്പെടുന്ന നാല് ദിവസത്തെ ഗോവ പാക്കേജാണ് പ്രധാന ആകർഷണം. ഒരാൾക്ക് 8,630 രൂപയാണ് നിരക്ക്. മേയ് ഒമ്പത്, 23 തീയതികളിൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ ഗവി പാക്കേജുകൾക്ക് 2,800 രപയാണ് നിരക്ക്. മേയ് ഒമ്പത്, 23 തീയതികളിൽ രാവിലെ ആറിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ മൂന്നാർ-മാമലക്കണ്ടം യാത്രക്ക് 1,590 രൂപയും മേയ് ഏഴ്, 16, 24 തീയതികളിൽ കൊച്ചിയിൽ നിന്നുള്ള നെഫെർറ്റിറ്റി ക്രൂയിസ് യാത്രക്ക് 3,570 രൂപയുമാണ് നിരക്ക്. നെല്ലിയാമ്പതിയിലേക്ക് മേയ് മാസത്തിലെ മിക്കവാറും എല്ലാ ദിവസങ്ങളിലും 480 രൂപ നിരക്കിൽ യാത്രയുണ്ട്. കൂടാതെ ഊട്ടി (ഫ്ലവർ ഷോ സ്പെഷൽ ഉൾപ്പെടെ), വാഗമൺ, സൈലന്റ് വാലി, ഇലിക്കൽ കല്ല്, മട്ടാഞ്ചേരി, കൊട്ടിയൂർ, നിലമ്പൂർ, ഗുരുവായൂർ ക്ഷേത്രം, ആലപ്പുഴ കുട്ടനാട് പാക്കേജ് എന്നിവയും മേയിലെ പട്ടികയിലുണ്ട്.
വിവരങ്ങൾക്കും ബുക്കിംഗിനും 9495 39 0046 എന്ന നമ്പറിൽ ബന്ധപ്പെടാം. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ പേര് ടൈപ്പ് ചെയ്ത് വാട്സ്ആപ്പിൽ അയച്ചാൽ ആ ട്രിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കും.
വിനോദയാത്ര ഒരുക്കി മണ്ണാർക്കാടും
പാലക്കാട്: ഗോവ, ഗവി, മൂന്നാർ തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് മണ്ണാർക്കാട് ഡിപ്പോ ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ഗോവ യാത്ര മേയ് 25ന് രാവിലെ ഏഴിന് പുറപ്പെടും. മേയ് ഒമ്പത്, 23, 27 തീയതികളിൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ പാക്കേജാണ് ഗവിയിലേക്കുള്ളത്.
രണ്ട് ദിവസത്തെ മൂന്നാർ - മാമലക്കണ്ടം യാത്ര മേയ് ഒമ്പത്, 23 തീയതികളിൽ പുലർച്ചെ അഞ്ചിന് പുറപ്പെടും
മേയ് മാസത്തിൽ ഒമ്പത് ദിവസങ്ങളിലായി രാവിലെ ആറിന് നെല്ലിയാമ്പതിയിലേക്കും മേയ് എട്ട്, 14, 27, 31 തീയതികളിൽ പുലർച്ചെ നാലിന് ഊട്ടിയിലേക്കും മേയ് ഒന്ന്, 10, 23, 28 തീയതികളിൽ രാവിലെ ഏഴിന് സൈലന്റ് വാലിയിലേക്കും യാത്രയുണ്ട്. മേയ് ഏഴ്, 16, 24 തീയതികളിൽ രാവിലെ 9.30നാണ് ആഡംബര കപ്പൽ യാത്രക്കായി പുറപ്പെടുക. മേയ് മൂന്ന്, 10, 24, 30 തീയതികളിൽ പുലർച്ചെ നാലിനാണ് വാഗമൺ യാത്ര ആരംഭിക്കുക. കൂടാതെ ആലപ്പുഴ വേഗ ഹൗസ് ബോട്ട്, ഇല്ലിക്കൽ കല്ല്-ഇലവീഴാപൂഞ്ചിറ, നിലമ്പൂർ, മട്ടാഞ്ചേരി വൈബ്സ് പാക്കേജുകളും ലഭ്യമാണ്. വിവരങ്ങൾക്കും ബുക്കിങ്ങിനും: 94463 53081, 80753 47381.


