കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാത അറ്റകുറ്റപ്പണി ആരംഭിച്ചു
text_fieldsഅറ്റകുറ്റപ്പണി ആരംഭിച്ച കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാത
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയിലെ കുഴികള്‍ നികത്തുന്നതടക്കമുള്ള അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് വകുപ്പ് റോഡ്സ് മെയിന്റനന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
നേരത്തെ മെറ്റലും പാറപ്പൊടിയും ചേര്‍ന്ന മിശ്രിതമിട്ട് (ജി.എസ്.ബി) വലിയകുഴികള്‍ അടച്ച ഭാഗത്ത് ടാറിടലാണ് നടത്തുന്നത്. കുമരംപുത്തൂര്‍ എ.യു.പി സ്കൂളിന് സമീപം, അരിയൂര്‍ ബാങ്കിന് മുന്‍വശം, കാട്ടുകുളം എന്നിവടങ്ങളിലാണ് പ്രവൃത്തികള്‍. മലയോരപാതയായി മാറാന്‍ പോകുന്ന സംസ്ഥാനപാതയുടെ പരിപാലനം രണ്ട് വര്‍ഷത്തിലധികമായി റോഡ്സ് മെയിന്റനനന്‍സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ്. കഴിഞ്ഞവര്‍ഷം പലതവണ കുഴികള്‍ അടക്കുന്ന പ്രവൃത്തി നടത്തിയിരുന്നു. കുമരംപുത്തൂര്‍, അരിയൂര്‍, കാട്ടുകുളം ഭാഗങ്ങളിലെ വലിയകുഴികള്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. കഴിഞ്ഞമാസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു. കഴിഞ്ഞമാസമാണ് ഇവിടെ ജി.എസ്.ബിയിട്ട് റോഡിന്റെ ഉപരിതലം ടാറിടുന്നതിനായി ഒരുക്കിയത്. ടാറിങ് നടത്താതിരുന്നതിനാല്‍ പൊടിശല്ല്യം രൂക്ഷമായിരുന്നു. ഇത് പരാതികള്‍ക്കും ഇടയാക്കി.
മഴമാറിയതോടെയാണ് ടാറിങ്ങിന് നടപടിയായത്. ടാറും മെറ്റലുമിട്ട് ഉപരിതലം ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കൂടാതെ റോഡിലെ കുഴികളും അടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം.