കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് തുടർ ഭരണത്തിനായി എൽ.ഡി.എഫ്; പിടിച്ചെടുക്കാൻ യു.ഡി.എഫ്
text_fieldsകുഴൽ മന്ദം: ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന വർഷം മുതൽ ഇടതിനോട് ചേർന്നു നിന്ന ചരിത്രമാണ് കുഴൽമന്ദം ബ്ലോക്കുപഞ്ചായത്തിനുള്ളത്. ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 13 ഡിവിഷനുകളാണ് കുഴൽമന്ദം ബ്ലോക്കിലുള്ളത്. വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി അത് 14 ആയി വർധിച്ചു. ഗ്രാമപഞ്ചായത്തിലെ വാർഡുകൾ യു.ഡി.എഫിന് അനുകൂലമാകുമ്പോഴും ആ പ്രദേശം ഉൾപ്പെടുന്ന ബ്ലോക്കുഡിവിഷൻ ഇടതുമായി ചേർന്നുനിൽക്കുകയാണ്.
പെരുങ്ങോട്ടുകുറുശ്ശി, കുഴൽമന്ദം, കുത്തനൂർ, മാത്തൂർ ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് ആണ് ഭരണ സാരഥികൾ. കോട്ടായി, കണ്ണാടി, തേങ്കുറുശ്ശി പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. പഞ്ചായത്തു തലത്തിൽ ഉണ്ടാക്കിയ നേട്ടം ബ്ലോക്കുഡിവിഷനിൽ യു.ഡി.എഫിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
കോൺഗ്രസിന്റെ തട്ടകമെന്ന് അറിയപ്പെടുന്ന പെരുങ്ങോട്ടുകുറുശ്ശിയിലെ ചൂലനൂർ ബ്ലോക്കുഡിവിഷനിൽ വിജയിച്ചത് എൽ.ഡി.എഫാണ്. 13 ഡിവിഷനിൽ 12ഉം എൽ.ഡി.എഫ് ആണ് കൈയാളുന്നത്. പരുത്തിപ്പുള്ളി ഡിവിഷൻ മാത്രമാണ് യു.ഡി.എഫിനോടൊപ്പം നിന്നത്. കക്ഷിനില: എൽ.ഡി.എഫ്- 12: സി.പി.എം- 11, സി.പി.ഐ -01. യു.ഡി.എഫ് - 01: കോൺഗ്രസ് - 01.


