ഭൂമി തരംമാറ്റ മാഫിയക്ക് ചാകര; റവന്യൂ ഓഫിസുകളിൽ ‘ഏജന്റ്’ ഭരണം
text_fieldsപാലക്കാട്: ഭൂമി തരംമാറ്റൽ നടപടികളിൽനിന്ന് ഏജൻറുമാരെ പൂർണമായും ഒഴിവാക്കുമെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ഗവ. ഉത്തരവുകളുടെ കുരുക്കുകളും ആശങ്കകളും മുതലെടുത്ത് ഭൂമാഫിയ പ്രവർത്തനങ്ങൾ പൂർവാധികം സജീവമായി. ഭൂമി തരംമാറ്റൽ അപേക്ഷകളുടെ തീർപ്പാക്കലിന് റവന്യൂ വകുപ്പ് നടത്തുന്ന ജില്ലതല അദാലത്തിന് തുടക്കമിട്ട് തൃശൂരിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഏജൻറുമാരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വെള്ളിയാഴ്ച മന്ത്രി പ്രഖ്യാപിച്ചു.
മാസങ്ങൾക്കുമുമ്പേ മന്ത്രി ഇതേകാര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും തരംമാറ്റൽ ഇടനില മാഫിയകൾക്ക് കടിഞ്ഞാണിടാൻ റവന്യൂവകുപ്പിന് സാധിച്ചില്ല. തരംമാറ്റൽ ഏജന്റുമാർ മുഖേന നടത്തുന്നത് നിയമവിരുദ്ധമാണെന്ന റവന്യൂ വകുപ്പിന്റെയും സർക്കാറിന്റെയും നിർദേശങ്ങൾ നിലനിൽക്കെയാണ് പരസ്യമായി വിവിധ സ്ഥലങ്ങളിൽ ഓഫിസ് സ്ഥാപിച്ചും പരസ്യം നൽകിയും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് വിവിധ തരംമാറ്റ ഏജൻസികൾ പ്രവർത്തിക്കുന്നത്. സ്വകാര്യ ഏജൻസികൾ അനധികൃതമായി ലക്ഷങ്ങളാണ് ഈടാക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് നേരിട്ടും ഇടനിലക്കാർ മുഖേനയും ഭീമമായ തുക കൈക്കൂലി നൽകിയുമാണ് ഈ ഏജൻസികളുടെ പ്രവർത്തനം.
ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്ത, 2008നുമുമ്പ് നികത്തപ്പെട്ടതെന്ന് അവകാശപ്പെടുന്ന നിലവിൽ നെൽകൃഷി ചെയ്യാത്ത ഭൂമികളും, തണ്ണീർത്തടങ്ങളായ പ്രദേശങ്ങളും രൂപമാറ്റം വരുത്തി കരഭൂമിയാക്കി പരിവർത്തനാനുമതി ലഭ്യമാക്കാമെന്ന വാഗ്ദാനത്തിൽ ഏറെ പേരാണ് കുടുങ്ങുന്നത്. റീസർവേ അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) ചുരണ്ടിയും തിരുത്തിയും, സാറ്റലൈറ്റ് ചിത്രങ്ങൾ വരെ കൃത്രിമമായി നിർമിച്ചും തരംമാറ്റലിലെ സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് മാഫിയ വേരുറപ്പിച്ചുകഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരിലെ രാഷ്ട്രീയസ്വാധീനം മുതലെടുത്താണ് ‘ആവശ്യക്കാർ ഒന്നുമറിയേണ്ട, ഹിയറിങ്ങിൽ ഹാജരായാൽ മാത്രം മതി’ എന്ന സമാശ്വാസവുമായി ഇക്കൂട്ടരെത്തുന്നത്.
2008ൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പായശേഷം, ആ നിയമത്തിൽ നിരവധി സർക്കാർ ഉത്തരവുകളും നിർദേശങ്ങളും ഉണ്ടായതിനെത്തുടർന്നുണ്ടായ ജനങ്ങളുടെ ആശങ്കയാണ് ഏജൻസികളും ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതലാക്കുന്നത്. ഇടനിലക്കാരിൽ റവന്യൂ-രജിസ്ട്രേഷൻ വകുപ്പുകളിൽനിന്ന് വിരമിച്ച ഉയർന്ന ഉദ്യോഗസ്ഥരുമുണ്ട്.